ചുട്ടുപൊള്ളി കേരളം; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും സാധാരണ അനുഭവപ്പെടേണ്ടതിനേക്കാള്‍ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടേണ്ട ചൂടിനേക്കാളും രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റെക്കോർഡ് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെട്ടത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. 38.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഒരു നഗരസഭാംഗത്തിന് സൂര്യാഘാതമേല്‍ക്കുകയും ചെയ്തു. തൃശൂർ വെള്ളാനിക്കരയിൽ 38.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ഈ സീസണിൽ പല തവണ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപെടുത്തി.
വരും ദിവസങ്ങളില്‍ കേരളത്തിൽ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികൾ പ്രവചിക്കുന്നത്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. വേനൽ മഴ കുറഞ്ഞതും വരണ്ട വടക്ക് കിഴക്കൻ കാറ്റിൻ്റെ സ്വാധീനവുമാണ് സംസ്ഥാനം ചുട്ടുപൊള്ളാൻ കാരണം. നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.