കേരള സർവകലാശാല താൽക്കാലിക വി.സിയായി ഡോ. മോഹനൻ കുന്നുമ്മൽ ചുമതലയേറ്റു
ഈ ചുമതല വലിയ ഭാഗ്യമായി കരുതുന്നെന്ന് മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: കേരള സർവകലാശാല താൽക്കാലിക വൈസ് ചാൻസിലറായി ഡോ. മോഹനൻ കുന്നുമ്മൽ ചുമതലയേറ്റു. നിലവിലുള്ള വി.സി ഡോ. വി.പി മഹാദേവൻ പിള്ളയുടെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഈ ചുമതല വലിയ ഭാഗ്യമായി കരുതുന്നെന്ന് താൽക്കാലിക വൈസ് ചാൻസിലറായി ചുമതലയേറ്റ ശേഷം മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.'പഠിച്ച സർവകലാശാലയിൽ വൈസ് ചാൻസലർ ആകാൻ സാധിച്ചു. ഇത്ര വലിയ സർവകലാശാല തനിക്കൊരു പാഠശാലയാണെന്നും അദ്ദേഹം പറഞ്ഞു.
2018 ഒക്ടോബർ 24നാണ് വി.പി മഹാദേവൻ പിള്ള വൈസ് ചാൻസലറായി നിയമിതനായത്.കേരള സർവകലാശാല വി.സിയുടെ ചുമതല ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കിയത്. ആരിഫ്മുഹമ്മദ് ഖാൻ 2019 ഒക്ടോബറിലാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്.
കണ്ണൂര്‍ സ്വദേശിയായ ഡോ. മോഹനൻ കുന്നുമ്മൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ദീർഘകാലം റേഡിയോ ഡയഗ്നോസിസിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷൻ പ്രസിഡൻറ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗമാണ്. ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാറിെൻറ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.