കലോത്സവത്തിലെ കോഴ ആരോപണം: മകനെ കുടുക്കിയതെന്ന് വിധികർത്താവ് ഷാജിയുടെ മാതാവ്
ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരൻ അനിൽകുമാർ ആരോപിച്ചു.
കണ്ണൂർ: കേരള കലോത്സവത്തിലെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതാണെന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. മർദനമേറ്റതായി അറിയില്ലെന്നും ലളിത പറഞ്ഞു.
ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരൻ അനിൽകുമാർ ആരോപിച്ചു. വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു.
കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ ആണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 6.45നാണ് സംഭവം. രാവിലെ മുറിയിൽ കയറിയ ഷാജി വൈകിട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടതിന് മാത്രമാണ് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മക്ക് അറിയാമെന്നും കുറിപ്പിലുണ്ട്. ഇതിന് പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പറയുന്നുണ്ട്.