കേരള സർവകലാശാല സിൻഡിക്കേറ്റ് എൽ.ഡി.എഫിന്; 12ൽ 9 സീറ്റും നേടി
സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് രണ്ട് സീറ്റ്
തിരുവനന്തപുരം: രാവിലെ മുതൽ നടന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് അവസാനിച്ചു. 12 സീറ്റുകളിൽ 9 എണ്ണം എൽ.ഡി.എഫിന് ലഭിച്ചു. കഴിഞ്ഞ തവണ 12 സീറ്റും എൽ.ഡി.എഫിനായിരുന്നു. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി ബി.ജെ.പി രണ്ട് സീറ്റ് നേടി. ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. 12 സീറ്റുകളാണ് സിൻഡിക്കേറ്റിൽ ആകെയുള്ളത്. ഇതിൽ 3 സീറ്റുകളിലേക്ക് ഇടത് പ്രതിനിധികൾ എതിരില്ലാത വിജയിച്ചിരുന്നു. ബാക്കിയുള്ള 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് രാവിലെ മുതൽ അരങ്ങേറിയത്. കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലെ തർക്കമില്ലാത്ത വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 98-ൽ 82 വോട്ടുകൾ എണ്ണാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തർക്കമുള്ള 15 വോട്ടുകൾ എണ്ണരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
ഇതിനെ തുടർന്ന് വോട്ടെണ്ണൽ നടന്നപ്പോൾ 3 സീറ്റുകളുടെ ഫലം ആദ്യം പുറത്തുവന്നു. ഇതിൽ ഒരു സീറ്റ് ബി.ജെ.പിയും രണ്ട് സീറ്റുകൾ ഇടത് സംഘടനകളും നേടി. ബാക്കിയുള്ള സീറ്റുകളിലെ വോട്ടെണ്ണൽ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ഗവൺമെൻറ് കോളേജ് സീറ്റിലെ ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം രൂപപ്പെട്ടതിനാലാണ് വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ചത്. കോൺഗ്രസ് വോട്ട് ബിജെപിക്ക് ലഭിച്ചതായി എൽഡിഎഫ് ആരോപിച്ചു.