വിസി നിയമനത്തിൽ നിർണായക നീക്കവുമായി കേരള സർവകലാശാല; പ്രത്യേക സെനറ്റ് യോഗം വിളിച്ചു
ചാൻസിലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാൻസിലറുടെ നീക്കം
തിരുവനന്തപുരം: സർക്കാർ-ഗവർണർ പോര് രൂക്ഷമായിരിക്കെ വിസി നിയമനത്തിൽ നിർണായക നീക്കവുമായി കേരള സർവകലാശാല. സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലർ ആവശ്യപ്പെട്ട പ്രതിനിധിയെ നൽകാൻ വൈസ് ചാൻസലർ പ്രത്യേക സെനറ്റ് യോഗം വിളിച്ചു. ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സെനറ്റ് പ്രതിനിധിയെ നൽകാൻ സാധ്യതയില്ല.
ചാൻസിലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാൻസിലറുടെ നീക്കം. നോമിനിയെ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ഈ മാസം 16ന് പ്രത്യേക യോഗം വിളിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിക്കാൻ വി സി മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം 106 അംഗങ്ങൾക്കും രജിസ്ട്രാർ രേഖാമൂലം അറിയിപ്പ് നൽകും. സർവകലാശാല ബില്ലുകളിൽ തീരുമാനമാകാത്ത പശ്ചാത്തലത്തിൽ വി സി നിയമനത്തിൽ നടപടികൾ വേണ്ടതില്ല എന്നായിരുന്നു സി.പി.എം തീരുമാനം. ഇതിന് വിരുദ്ധമായി സെനറ്റ് യോഗം ചേർന്നാൽ അത് കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കും.
106 അംഗങ്ങളിൽ ഇടത് അംഗങ്ങൾക്ക് തന്നെയാണ് ഭൂരിപക്ഷം. അതുകൊണ്ട് യോഗം ചേർന്നാലും പ്രതിനിധിയെ തീരുമാനിക്കാൻ ഒരു സാധ്യതയും ഇല്ല. ക്വാറം തികയാതെ പിരിഞ്ഞാലും ഫലം ഇത് തന്നെയാകും. ഗവർണറുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വിസി പ്രവർത്തിക്കുന്നു എന്ന ആരോപണം നേരത്തെ സിൻഡിക്കേറ്റ് ഉന്നയിച്ചിരുന്നു. മറ്റു സർവ്വകലാശാലകളും ഇതേ നിലപാട് സ്വീകരിച്ചാൽ മതിയെന്ന് നിർദ്ദേശവും പാർട്ടി നൽകിയിട്ടുണ്ട്.