കേരളവർമ തെരഞ്ഞെടുപ്പ് വിവാദം; അലോഷ്യസ് സേവ്യർ നിരാഹാരം അവസാനിപ്പിച്ചു

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ.എസ്.യുവിന്റെ ഹരജിയിൽ ഇടക്കാല ഉത്തരവിടാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം.

Update: 2023-11-06 07:47 GMT
Advertising

തൃശൂർ: കേരള വർമ കോളജിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊടിക്കുന്നിൽ സുരേഷ് എം.പി നാരങ്ങ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിയിൽ നിയമ പോരാട്ടം തുടരുമെന്നും കെ.എസ്.യു അറിയിച്ചു. 

അതേസമയം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ.എസ്.യുവിന്റെ ഹരജിയിൽ ഇടക്കാല ഉത്തരവിടാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിങ് ഓഫീസർക്ക് ഹൈക്കോടതി നിർദേശം നൽകി. ചെയർമാനായി എസ്.എഫ്.ഐയുടെ അനിരുദ്ധ് സത്യപ്രതിജ്ഞ ചെയ്താലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു. 

യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടപെടൽ നടന്നുവെന്നാരോപിച്ചാണ് കെ.എസ്.യുവിൻ്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. റീ കൗണ്ടിങ്ങ് നടത്തിയത് മാനേജറുടേ നിർദേശപ്രകാരമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ശ്രീക്കുട്ടൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആരോപണം തെളിയിക്കുന്നതിനുള്ള രേഖകൾ ഹരജിക്കാരൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ട്. എന്നാൽ മതിയായ രേഖകളില്ലാതെ ഇടക്കാല ഉത്തരവിടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

റീ കൗണ്ടിങ് തീരുമാനിക്കുന്നത് റിട്ടേണിങ് ഓഫീസറുടെ വിവേചനാധികാരമാണെന്ന് സർവകലാശാലയും കോടതിയെ അറിയിച്ചു. തുടർന്നാണ് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും റിട്ടേണിങ് ഓഫീസർക്ക് കോടതി നിർദേശം നൽകി. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും. അതിനുള്ളിൽ എസ്.എഫ്.ഐ സ്ഥാനാർഥി അനിരുദ്ധ് ചുമതലയേൽക്കുകയാണെങ്കിൽ അത് കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് ടി.ആർ രവി പറഞ്ഞു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News