'പാര്‍ട്ടി ഓഫീസുകളുടെ കണക്ഷനും കട്ട് ചെയ്യും'; കുടിശ്ശിക പിരിച്ചെടുക്കാന്‍ മുഖം നോക്കാതെ നടപടിയുമായി ജലഅതോറിറ്റി
മെയ് വരെയുള്ള കണക്ക് പ്രകാരം 1500 കോടിയോളം രൂപ പിരിച്ചെടുക്കാനുണ്ട്
തിരുവനന്തപുരം: കുടിശ്ശിക പിരിച്ചെടുക്കാനായി മുഖം നോക്കാതെ നടപടിക്കൊരുങ്ങി കേരള ജലഅതോറിറ്റി.രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളുടെ അടക്കം കുടിശ്ശിക തീര്‍ക്കാന്‍ നോട്ടീസ് അയച്ചു തുടങ്ങി.മെയ് വരെയുള്ള കണക്ക് പ്രകാരം 1500 കോടിയോളം രൂപ പിരിച്ചെടുക്കാനുണ്ട്.
എഐടിയുസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന്റെ വാട്ടര്‍ കണക്ഷന്‍ കുടിശ്ശികയുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് ജല അതോറിറ്റി വിച്ഛേദിച്ചത്. കുടിശ്ശിക വരുത്തിയവര്‍ക്കുള്ള ശക്തമായ സന്ദേശമാണിതെന്നാണ് ജലഅതോറിറ്റി പറയുന്നത് . നഷ്ടം നികത്തി മുന്നോട്ട് പോകാന്‍ മറ്റ് മാര്‍ഗമില്ലെന്നും ജലഅതോറിറ്റി വ്യക്തമാക്കുന്നു.
മെയ് 31 വരെ 1579.69 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. സര്‍ക്കാര്‍ വകുപ്പുകളടക്കം ഭീമമായ തുകയാണ് വാട്ടര്‍ അതോറിറ്റിക്ക് അടക്കാനുള്ളത്. വാട്ടര്‍ ചാര്‍ജ് പിരിക്കുന്നതും സര്‍ക്കാരില്‍ നിന്നുള്ള നോണ്‍ പ്ലാന്‍ ഫണ്ടും ഉപയോഗിച്ചാണ് ജല അതോറിറ്റിയുടെ ദൈനംദിന ചെലവുകള്‍ നടക്കുന്നത്. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കണമെങ്കില്‍ കുടിശ്ശിക പിരിച്ചേ പറ്റൂ. അതിനാല്‍ ആരുടെയും വെള്ളംകുടി മുട്ടാതിരിക്കണമെങ്കില്‍ വേഗം കുടിശ്ശിക തീര്‍ക്കാനാണ് ജല അതോറിറ്റിയുടെ രണ്ടും കല്‍പ്പിച്ചുള്ള മുന്നറിയിപ്പ്.