മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി കടന്നു; കേസ് ഇന്നു വീണ്ടും സുപ്രിം കോടതിയില്‍
ജലനിരപ്പ് 142 അടിയിൽ നിന്ന് മാറ്റേണ്ടെന്ന മേൽനോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും
മുല്ലപ്പെരിയാർ കേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയിൽ നിന്ന് മാറ്റേണ്ടെന്ന മേൽനോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും. കനത്ത മഴ സാധ്യതയുള്ളതിനാൽ, ജലനിരപ്പ് 139 അടിയിലും താഴെ നിര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.
ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്നാണ് കേരളം ഇന്നലെ ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് വന്ന കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ 139 അടിയിൽ താഴെ ജലനിരപ്പ് ക്രമീകരിക്കാൻ കേരളം ആവശ്യപ്പെട്ടേക്കും. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ അടിയന്തര തീരുമാനമെടുക്കണമെന്നും കേരളം സുപ്രിം കോടതിയെ അറിയിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. അണക്കെട്ടിന്‍റെ ജലനിരപ്പ് പരിധിയിൽ മാറ്റംവരുത്തേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ട സമിതി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിലാണ് കേരളം ഇന്ന് മറുപടി നൽകുക. നിലവിലെ റൂൾ കർവ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടുമെന്നാണ് വിവരം. പുതിയ ഡാമും തമിഴ്നാടിന് ആവശ്യമായ ജലവും നൽകുമെന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാട്.
അതേസമയം മുല്ലപ്പെരിയാറിൽ നീരൊഴുക്ക് വർധിച്ചു. ജലനിരപ്പ് 138.05 അടി ആയി ഉയർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്‍ഡില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഇനിയും ഉയർന്നാല്‍ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിട്ടുണ്ട്.