ഗവർണറും സർക്കാറും നേർക്കുനേർ; പ്രതിഷേധച്ചൂടിൽ കെ റെയിൽ
ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം, കെ റെയിലിനും വിഴിഞ്ഞം പദ്ധതിക്കുമെതിരായ ജനകീയ പ്രക്ഷോഭം, നരബലിയുടെ നടുക്കുന്ന വാർത്ത...കഴിഞ്ഞ ഒരു വർഷത്തെ കേരളത്തിലെ പ്രധാന സംഭവങ്ങൾ
കേരളത്തിന്റെ ഭരണചരിത്രത്തിൽ സമാനതയില്ലാത്ത പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോയ വർഷമായിരുന്നു 2022. ഗവർണർ-സർക്കാർ പോരിൽ ഗവർണർക്കെതിരെ തെരുവിലിറങ്ങേണ്ട സാഹചര്യം പോലും ഭരണകക്ഷിക്കുണ്ടായി. ധനമന്ത്രിയോട് പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച് വലിയ ഭരണഘടനാ പ്രതിസന്ധിയും സൃഷ്ടിച്ചു.
സംസ്ഥാന സർക്കാരിനെ വെട്ടിലാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ഗവർണറായി ചുമതലയേറ്റെടുത്ത ശേഷം പലഘട്ടങ്ങളിലും ആരിഫ് മുഹമ്മദ് ഖാൻ നടത്തിയിട്ടുണ്ട്. എന്നാൽ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അതിന്റെ മൂർധന്യത്തിൽ എത്തിനിൽക്കുന്നതാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. നയപ്രഖ്യാപനത്തിന്റെ തലേന്ന് വൈകുന്നേരം വരെ പ്രസംഗത്തിൽ ഒപ്പിടാതെ സർക്കാരിനെ മുൾമുനയിൽ നിർത്തിയായിരിന്നു ഈ വർഷത്തെ ഗവർണറുടെ യുദ്ധപ്രഖ്യാപനത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് കേരളം ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഇടപെടലുകളായിരുന്നു ഗവർണർ നടത്തിയത്. സർവകലാശാലകളിൽ സർക്കാർ ഇടപെടുന്നു എന്നാരോപിച്ച് ചാൻസലർ സ്ഥാനത്തുനിന്ന് മാറാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും മുഖ്യമന്ത്രി അനുനയിപ്പിച്ച് തീരുമാനം മാറ്റിച്ചു. എന്നാൽ സർവകലാശാലകളിൽ ഗവർണർ ഇടപെടൽ കടുപ്പിച്ചതോടെ സർക്കാരും നേർക്കുനേർ പോരാട്ടത്തിനിറങ്ങി.
പിൻമാറാൻ തയ്യാറാകാതിരുന്ന ഗവർണർ രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആഞ്ഞടിച്ചത് കേരളത്തിൽ കേട്ട് കേൾവിയില്ലാത്ത സംഭവമായി മാറി. അതിന് പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിനുള്ള പ്രീതി പിൻവലിച്ച് സർക്കാരിനെ ഞെട്ടിച്ചു. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിയാവശ്യപ്പെട്ടതോടെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തീരുമാനിച്ചു.
നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി, സർവകലാശാല ഭേദഗതി, ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ഭേദഗതി തുടങ്ങിയ ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവച്ചതോടെ ഗവർണർക്കെതിരെ തെരുവിലറങ്ങാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് രാജ്ഭവൻ ഉപരോധം സംഘടിപ്പിച്ച ശേഷം സംസ്ഥാനമുടനീളം ഗവർണർക്കെതിരെ പ്രചാരണം നടത്തി. കടുത്ത പോരിനിടെ മന്ത്രിസഭയെ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ച് അനുനയത്തിന് തയ്യാറാണെന്ന സൂചന ഗവർണർ നൽകിയെങ്കിലും സർക്കാർ വഴങ്ങില്ല. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭാ സമ്മേളനത്തിലേക്ക് കടക്കുകയാണ് സർക്കാർ. സർക്കാർ-ഗവർണർ പോര് എന്നവസാനിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാണ് ഈ വർഷം അവസാനിക്കുന്നത്.
നരബലിയിൽ കേരളം നടുങ്ങിയ വർഷം
സാംസ്‌കാരികമായി ഉയർന്ന സമൂഹമെന്ന് അഭിമാനം കൊള്ളുന്ന മലയാളി സമൂഹത്തിന്റെ മറ്റൊരു മുഖം ലോകമറിഞ്ഞ വർഷമായിരുന്നു 2022. പത്തനംതിട്ട ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലി നൽകിയെന്ന വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. ഒക്ടോബർ 11-ന് രാവിലെയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് നരബലിയുടെ വാർത്ത പുറത്തുവന്നത്. തമിഴ്നാട് സ്വദേശിയും ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തിന്റെ തിരോധാനത്തിൽ നടത്തിയ അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റോസ്ലിൻ എന്ന യുവതിയേയും നരബലിക്ക് ഇരയാക്കിയതായി കണ്ടെത്തി.
പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് പത്മത്തെയും റോസ്ലിനെയും നരബലിക്കായി പത്തനംതിട്ട ഇലന്തൂരിലെ നാട്ടുവൈദ്യനായ ഭഗവൽസിങ്ങിന്റെ വീട്ടിലെത്തിച്ചത്. സാമ്പത്തിക അഭിവൃദ്ധിയും കുടുംബത്തിന് ഐശ്വര്യവും ഉണ്ടാവാൻ വേണ്ടിയാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും നരബലി നടത്തിയത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് ഷാഫിയാണ് പത്മത്തെയും റോസ്ലിനെയും ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ചത്.
കട്ടിലിൽ കെട്ടിയിട്ട് ശരീരമാസകം മുറിവുകളുണ്ടാക്കി. ജനനേന്ദ്രിയത്തിൽ ആഴത്തിൽ മുറിവുകളുണ്ടാക്കി രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. മുഹമ്മദ് ഷാഫിയാണ് കേസിലെ പ്രധാന പ്രതി. നരബലിക്ക് ശേഷം ഷാഫി കരൾ അടക്കമുള്ള ശരീരഭാഗങ്ങൾ പാകം ചെയ്തു കഴിച്ചതായും പ്രതികൾ മൊഴി നൽകിയിരുന്നു.
പ്രണയപ്പകയിൽ അരുംകൊലകൾ
പാറശ്ശാല സ്വദേശി ഷാരോണിനെ വിഷം കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ പെൺസുഹൃത്ത് ഗ്രീഷ്മയുടെ ക്രൂരത പോയ വർഷം കേരളത്തിലെ പ്രധാന വാർത്തയായിരുന്നു. 2022 ഒക്ടോബർ 25-നാണ് ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചത്. കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു.
ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കഷായം കുടിച്ചതിന് ശേഷമാണ് ഷാരോണിന്റെ ആരോഗ്യനില വഷളായതെന്നും വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്. ഷാരോൺ പ്രണയത്തിൽനിന്ന് പിൻമാറാൻ തയ്യാറാകാത്തതിനാൽ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി.
നൊമ്പരമായി വിഷ്ണുപ്രിയയും സംഗീതയും
2022 ഒക്ടോബർ 22-നാണ് കണ്ണൂർ മൊകേരി വള്ള്യായിയിലെ വിഷ്ണുപ്രിയ (23) കിടപ്പുമുറിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. മാനന്തേരി സ്വദേശി ശ്യാംജിത്തായിരുന്നു പ്രതി. അഞ്ച് വർഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ബന്ധത്തിൽനിന്ന് പിൻമാറിയ വിഷ്ണുപ്രിയ മറ്റൊരാളുമായി സൗഹൃദത്തിലായി. ഇതിലുള്ള പകയാണ് ക്രുരമായ കൊലപാതകത്തിൽ കലാശിച്ചത്.
2022 അവസാനിക്കാനിരിക്കെയാണ് മറ്റൊരു പ്രണയകൊലപാതകം കൂടി നടന്നത്. തിരുവനന്തപുരം വടശ്ശേരിക്കോണത്തെ കോളജ് വിദ്യാർഥിനിയായ സംഗീതയെ നേരത്തെ പ്രണയബന്ധമുണ്ടായിരുന്ന പള്ളിക്കൽ സ്വദേശിയായ ഗോപു ഡിസംബർ 28-ന് പുലർച്ചെ വീട്ടിൽനിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
കെ റെയിൽ: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി
രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട കെ റെയിലിനെതിരെ വലിയ ജനകീയ പ്രതിഷേധം ഉയർന്ന വർഷമായിരുന്നു 2022. കേന്ദ്ര സർക്കാരിന്റെ സിൽവർ ലൈൻ പ്രൊജക്ടിന്റെ ഭാഗമായ സെമി ഹൈ സ്പീഡ് കോറിഡോർ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ ഒരു സ്റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈ സ്പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി യാഥാർഥ്യമായാൽ കാസർകോട് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
എന്നാൽ പദ്ധതി വൻ അഴിമതിക്ക് കളമൊരുക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി നടന്നത്. കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയെങ്കിലും പദ്ധതിയിൽനിന്ന് പിന്നോട്ട് പോകില്ലെന്നായിരുന്ന സർക്കാർ നിലപാട്. വൻ പൊലീസ് സന്നാഹത്തോടെ ബലം പ്രയോഗിച്ച് 'മഞ്ഞക്കുറ്റികൾ' സ്ഥാപിക്കാൻ ശ്രമിച്ചത് പലയിടത്തും സംഘർഷത്തിന് കാരണമായി. ഒടുവിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് തൽക്കാലം പദ്ധതിയുമായി മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് സർക്കാർ.
വിഴിഞ്ഞത്തും ആവിക്കൽതോട്ടിലും ജനകീയ സമരങ്ങൾ
പോയ വർഷം സംസ്ഥാനത്ത് വലിയ ജനകീയ സമരങ്ങൾ അരങ്ങേറിയ രണ്ട് പ്രദേശങ്ങളാണ് വിഴിഞ്ഞവും കോഴിക്കോട് ജില്ലയിലെ ആവിക്കൽതോടും. വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിയുടെ ഇരകളായ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പല തവണ സംഘർഷത്തിലേക്ക് നീങ്ങിയ സമരം ഒടുവിൽ സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതിൽ വരെയെത്തി. മുഖ്യമന്ത്രിയും സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് 140 ദിവസം പിന്നിട്ട സമരം അവസാനിച്ചത്. തീരശോഷണം മൂലം വീട് നഷ്ടമാകുന്നവർക്കുള്ള ഫ്ളാറ്റുകളുടെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും എന്നതടക്കമുള്ള വാഗ്ദാനങ്ങൾ സർക്കാർ നൽകി. സമവായശ്രമങ്ങൾക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ ലത്തീൻ അതിരൂപത തീരുമാനിച്ചത്.
കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ള ആവിക്കൽതോടിൽ ശുചിമുറി മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയാണ് പ്രദേശവാസികൾ സമരം ചെയ്യുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്ലാന്റ് വന്നാൽ തങ്ങളുടെ ഉപജീവനമാർഗമായ മത്സ്യബന്ധനം അടക്കം മുടങ്ങുമെന്ന ഭീതിയിലാണ് ജനങ്ങൾ. സമരത്തിന് പിന്നിൽ തീവ്രവാദശക്തികളാണെ നിലപാട് തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന എം.വി ഗോവിന്ദനും സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനും പറഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുമുള്ള നിലപാടിലാണ് കോർപറേഷൻ ഭരണസമിതി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
പി.ടി തോമസിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയപോരാട്ടത്തിന്റെ വേദിയായി. രണ്ടാം പിണറായി സർക്കാറിന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എൽ.ഡി.എഫും രണ്ടാം തവണയും ഭരണം നഷ്ടമായതിന്റെ ക്ഷീണം തീർക്കാൻ യു.ഡി.എഫും അരയും തലയും മുറുക്കിയാണ് തൃക്കാക്കരയിൽ പോരിനിറങ്ങിയത്. പി.ടി തോമസിന്റെ ഭാര്യയായിരുന്ന ഉമാ തോമസ് ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ. ജോ ജോസഫ് ആയിരുന്നു എൽ.ഡി.എഫിനായി കളത്തിലിറങ്ങിയത്. തെരഞ്ഞെടുപ്പിൽ ഉമാ തോമസ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കി. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ല എന്നാരോപിച്ച് നടത്തിയ മാർച്ചിനിടെയായിരുന്നു അക്രമം. ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ നട്ടു. ഓഫീസ് ആക്രമണം ദേശീയതലത്തിൽ തന്നെ ചർച്ചയായതോടെ സി.പി.എം ദേശീയ സംസ്ഥാന നേതൃത്വത്തിന് എസ്.എഫ്.ഐ പ്രവർത്തകരെ പരസ്യമായി തള്ളിപ്പറയേണ്ടി വന്നു.
എം.ബി രാജേഷ് മന്ത്രി, എ.എൻ ഷംസീർ സ്പീക്കർ
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞു. നിയമസഭാ സ്പീക്കറായിരുന്ന എം.ബി രാജേഷ് രാജിവെച്ച് തദ്ദേശം, എക്സൈസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു. കേരള നിയമസഭയുടെ 24-ാം സ്പീക്കറായി എ.എൻ ഷംസീർ ചുമതലയേറ്റു. തലശ്ശേരിയിൽനിന്നുള്ള നിയമസഭാംഗമാണ് ഷംസീർ.
എം.വി ഗോവിന്ദൻ സി.പി.എം സെക്രട്ടറി, സാദിഖലി തങ്ങൾ ലീഗ് പ്രസിഡന്റ്
കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് എം.വി ഗോവന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി. കാനം രാജേന്ദ്രൻ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനറായി തിരഞ്ഞെടുത്തു. എം.വി ഗോവിന്ദനും എ. വിജയരാഘവും സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
കോടിയേരിയും ഹൈദരലി തങ്ങളും വിട പറഞ്ഞ വർഷം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ, സിനിമാ രംഗത്ത് നെടുമുടി വേണു, കെ.പി.എ.സി ലളിത, തിരക്കഥാകൃത്ത് ജോൺ പോൾ തുടങ്ങിയവർ ഓർമയായി.
തിരുവനന്തപുരം കോർപറേഷനിൽ കത്ത് വിവാദം
കോർപറേഷനിലെ വിവിധ തസ്തികകളിൽ നിയമിക്കാൻ പാർട്ടി പ്രവർത്തകരുടെ പേര് ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ ലെറ്റർപാഡിലുള്ള കത്ത് പുറത്തുവന്നത് വലിയ വിവാദമായി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയ കത്താണ് പുറത്തുവന്നത്. എന്നാൽ കത്ത് എഴുതിയിട്ടില്ലെന്ന് മേയറും കിട്ടിയിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും പറഞ്ഞു. ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും കത്തിന് പിന്നിൽ ആരാണെന്ന അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
സി.പി.എമ്മിൽ ഇ.പി-പി.ജെ പോര്; കോൺഗ്രസിൽ സുധാകരനെതിരെ പടയൊരുക്കം
കണ്ണൂർ സി.പി.എമ്മിലെ കരുത്തരായ രണ്ട് നേതാക്കൾ തമ്മിലുള്ള പോരാണ് ഈ വർഷം അവസാനിക്കാനിരിക്കെ കേരള രാഷ്ട്രീയത്തിലെ വലിയ ചർച്ച. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ റിസോർട്ട് നിർമാണത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് പി.ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആരോപിച്ചത്. വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ എം.വി ഗോവിന്ദന്റെ വാദം. അതേസമയം ആരോപണത്തോട് പ്രതികരിക്കാൻ ഇ.പി ജയരാജൻ ഇതുവരെ തയ്യാറായിട്ടില്ല.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കോൺഗ്രസിൽ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നൽകിയെന്നാണ് റിപ്പോർട്ട്. സ്ഥാനമേറ്റപ്പോൾ ഉള്ള ആവേശം സുധാകരന് ഇപ്പോഴില്ലെന്നാണ് ഇവരുടെ പരാതി. എം.പിമാരുടെ നേതൃത്വത്തിലാണ് സുധാകരനെതിരായ നീക്കം. സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന അടക്കം ഇവർ ആയുധമാക്കുന്നുണ്ട്.