'ചിന്ത'യില്ലാ പ്രബന്ധവും മാസപ്പടിയും വ്യാജസർട്ടിഫിക്കറ്റും തലപൊക്കിയ 2023; 'നവകേരളം' ഒരു തിരിഞ്ഞു നോട്ടം

ഗവർണറും സർക്കാരും, കണ്ടലയും കരുവന്നൂരും, ചിന്തയും വിദ്യയും തുടങ്ങി 2023ൽ കേരളത്തെ സജീവമാക്കിയ വിഷയങ്ങളേറെ...

Update: 2023-12-31 09:31 GMT
Advertising

എല്ലാ വർഷത്തെയും പോലെ തന്നെ സംഭവബഹുലമായിരുന്നു കേരളത്തിന് 2023ഉം. ഗവർണറും സർക്കാരും, കണ്ടലയും കരുവന്നൂരും, ചിന്തയും വിദ്യയും തുടങ്ങി 2023ൽ കേരളത്തെ സജീവമാക്കിയ വിഷയങ്ങളേറെ... കുട്ടിരാഷ്ട്രീയക്കാരുടെ വീറും വാശിയും മുതൽ തലമൂത്ത നേതാക്കളുടെ അനാവശ്യ പിടിവാശികൾ വരെ 2023ൽ കേരളം കണ്ടു. വെള്ളയെത്ര പൂശിയിട്ടും കറുപ്പിനോടുള്ള പലരുടെയും പേടിമാറാത്തതും 'ദാ കാണ്' എന്ന് പറഞ്ഞ് കാണിക്കുകയായിരുന്നു 2023. മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെ കേരളം കാണാൻ മന്ത്രിസഭയൊന്നാകെ ഇറങ്ങുകയും ചെയ്തു ഈ വർഷം.

ഇതൊന്നും പോരാഞ്ഞ്, പിടി7ഉം അരിക്കൊമ്പനും കടുവയും പുലിയുമൊക്കെ കാടിറങ്ങിയ വർഷം കൂടിയായിരുന്നു 2023. ഇടയ്ക്ക് നിപ്പ ഒന്ന് തലപൊക്കുകയും ചെയ്തു. ഞാനിവിടൊക്കെ ഉണ്ടേ എന്ന് പറഞ്ഞ് വർഷം തീരാറായപ്പോൾ കോവിഡും ഹാജരായിട്ടുണ്ട്.

ഈ വാർത്തകളിൽ നിന്നൊക്കെ, 2023ൽ കേരളത്തെ പിടിച്ചു കുലുക്കിയ, കേരളം വായിച്ച- കണ്ട ചില വാർത്തകൾ ഓർത്തെടുക്കുകയാണ് ഇവിടെ. 2022ലും പറഞ്ഞ് തീരാതെ 2023ലെത്തി, 2024ലേക്ക് വണ്ടി പിടിക്കാൻ നിൽക്കുന്ന വാർത്തകളുമുണ്ട് ഇക്കൂട്ടത്തിൽ. ഇവയിൽ ചിലത് നമുക്കൊന്ന് നോക്കാം.

ഒരു ചിന്തയുമില്ലാതെ ചിന്തയെഴുതിയ പ്രബന്ധം

യുവജന കമ്മിഷൻ മുൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധമായിരുന്നു കേരളത്തിൽ 2023 ഇട്ട ആദ്യത്തെ വിവാദ ബോംബ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കിട്ടിയ ചിന്തയ്ക്ക് മലയാള സാഹിത്യത്തിലേക്ക് വന്നപ്പോൾ ചെറുതായി ഒന്ന് പാളി. 'നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ' എന്നതായിരുന്നു ചിന്തയുടെ പ്രബന്ധ വിഷയം. ഇതിനിടയിൽ,  വാഴക്കുല എന്ന കവിതയെഴുതിയത് വൈലോപ്പിള്ളി എന്ന് തെല്ലും ചിന്തിക്കാതെ പ്രബന്ധത്തിൽ ചിന്തയെഴുതി.

പ്രബന്ധം പരിശോധിച്ച് ഒപ്പിട്ടു കൊടുത്ത ഗൈഡിന് പോലും വാഴക്കുലയും വൈലോപ്പിള്ളിയും തമ്മിലുള്ള ബന്ധമില്ലായ്മ കണ്ടുപിടിക്കാനായില്ലെന്നത് വലിയ വിഷയമായി. പിന്നെ കോപ്പിയടി ആരോപണമായി, ഗവർണർക്ക് നിവേദനമായി... അടിമുടി വിവാദം. ഇതിന് പിന്നാലെ 8.5 ലക്ഷം ചിന്ത ശമ്പളക്കുടിശ്ശിക ചോദിച്ചതോടെ പൂർത്തിയായി- കുറേക്കാലത്തേക്ക് ചിന്ത തന്നെയായിരുന്നു ആളുകളുടെ ചിന്ത.

യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനാണ് ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കത്ത് നൽകിയത്. 2016 മുതലുള്ള കുടിശ്ശിക അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പാർട്ടി അംഗങ്ങൾക്ക് പണം അനുവദിക്കുന്നു എന്ന തരത്തിൽ വിവാദം ഉയർന്ന സമയത്ത് കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് താൻ കത്ത് നൽകിയിട്ടില്ലെന്നായിരുന്നു സംഭവത്തോട് ചിന്തയുടെ പ്രതികരണം.

ബ്രഹ്മപുരത്തെ അണയാത്ത തീ

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തമുണ്ടാക്കിയ പുക കേരളത്തിൽ നിന്ന് ഇനിയും പോയിട്ടില്ല. മലിനമായ പുക കൊച്ചി നഗരത്തിന്റെ മുക്കും മൂലയും മൂടുന്നത് കേരളത്തിന് പുതിയ കാഴ്ചയായിരുന്നു. മാർച്ച് 2ന് ഉച്ചയ്ക്ക് ശേഷമാണ് കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പിൻവശത്തായി 110 ഏക്കറിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ തീ പടർന്നത്.

 ഉയർന്നുപൊങ്ങിയ തീയും പുകയും കൊച്ചിയിലെ വായുമലിനീകരണത്തിന്റെ തോത് ഉയർത്തുകയും ഭൂരിഭാഗം ആളുകൾക്കും ശാരീരികാസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തു. ഒടുവിൽ രണ്ടാഴ്ചയോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തവുമായും പ്ലാന്റുമായും ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളും ഏറെയായിരുന്നെങ്കിലും തീ അടങ്ങിയതിന് പിന്നാലെ ഇതും ഏറെക്കുറെ കെട്ടടങ്ങി.

ദുരൂഹതകളേറെ നിറഞ്ഞ എലത്തൂർ

ട്രെയിൻ തീവയ്പ്പിനും 2023ൽ കേരളം സാക്ഷിയായി. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ഡി വൺ കമ്പാർട്ട്‌മെന്റിൽ ഷാരൂഖ് സെയ്ഫി എന്നയാൾ പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം.

തീ പടരുന്നത് കണ്ട് ട്രാക്കിലേക്ക് എടുത്തുചാടിയെന്ന് കരുതുന്ന മൂന്നുപേരുടെ മൃതദേഹം പിന്നീട് കണ്ടെത്തി.. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടര വയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ രത്‌നഗിരിയിൽ നിന്ന് പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. നിലവിൽ സെയ്ഫി മാത്രമാണ് പ്രതി. കേസിൽ എൻഐഎ നവംബറിൽ കുറ്റപത്രം സമർപ്പിച്ചു.

ചൂളംവിളിച്ച് ഓടിത്തുടങ്ങി വന്ദേഭാരത്‌

കേരളത്തിൽ ആദ്യമായി വന്ദേഭാരത് ഓടിയ വർഷം കൂടിയായിരുന്നു 2023. ഏപ്രിൽ 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നിർവഹിച്ചത്. 2023ൽ തന്നെ രണ്ടാമതൊരു വന്ദേഭാരത് കൂടി കേരളത്തിന് അനുവദിച്ചു. ഇതിനിടയിലുയർന്ന സിൽവർ ലൈൻ ചർച്ചകളും വന്ദേഭാരതിന്റെ എൻട്രി ഹിറ്റ് ആക്കി.

പാഠമുൾക്കൊണ്ടോ താനൂരിൽ നിന്ന്?

2023ൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു താനൂർ ബോട്ടപകടം. മെയ് 7ന് താനൂർ തൂവൽ തീരം ബീച്ചിൽ ബോട്ട് മറിഞ്ഞ് 22 പേർക്കാണ് ജീവൻ നഷ്ടമായത്. ബോട്ടിന് അനുമതി നൽകിയതിലും സർവീസ് നടത്തിയതിലും നിയമലംഘനങ്ങൾ നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മത്സ്യബന്ധന ബോട്ട് ഉല്ലാസ യാത്രയ്ക്കായി ഉപയോഗിക്കുന്നുവെന്ന വിവരം കിട്ടിയിട്ടും ഇക്കാര്യങ്ങളൊന്നും എവിടെയും സൂചിപ്പിക്കാതെയാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയത് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ. പരിധിയിൽ കവിഞ്ഞ ആളെ കയറ്റിയതാണ് ദുരന്തത്തിന് കാരണമെന്ന് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

സർട്ടിഫിക്കറ്റുണ്ടോ ഒരു വ്യാജനെടുക്കാൻ?

വ്യാജ സർട്ടിഫിക്കറ്റ് കേസുകളുടെ കുത്തൊഴുക്കായിരുന്നു 2023ൽ. എസ്എഫ്‌ഐ നേതാക്കളായ വിദ്യയും, നിഖിൽ തോമസുമായിരുന്നു കേസുകളിലെ പ്രധാന പ്രതികൾ. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി കായംകുളം എംഎസ്എം കോളജിൽ എംകോമിന് പ്രവേശനം നേടിയതിനെ തുടർന്നാണ് എസ്എഫ്‌ഐ മുൻ കായംകുളം ഏരിയ സെക്രട്ടറി കൂടിയായ നിഖിൽ തോമസിനെതിരെ പൊലീസ് കേസെടുത്തത്.

കരിന്തളം ഗവ.കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് കയറി എന്നതായിരുന്നു വിദ്യയ്‌ക്കെതിരെയുള്ള കേസ്. അട്ടപ്പാടി കോളജിലും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന കേസിൽ വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉമ്മൻ ചാണ്ടിയുടെ അവസാന 'ജനസമ്പർക്ക'വും പുതുപ്പള്ളി തെരഞ്ഞെടുപ്പും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവും തുടർന്ന് നടന്ന പുതുപ്പള്ളി തെരഞ്ഞെടുപ്പുമെല്ലാം 2023ൽ കേരളത്തിൽ തലക്കെട്ടുകൾ കയ്യടക്കിയ വാർത്തകളാണ്. ജൂലൈ 18നായിരുന്നു കേരളജനതയെ കണ്ണീരിലാഴ്ത്തി ഉമ്മൻ ചാണ്ടിയുടെ മരണം. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയ്ക്ക് കേരളമൊന്നാകെ തെരുവിലിറങ്ങി. ഒടുവിൽ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം ക്രമീകരിച്ച കല്ലറയിൽ ഉമ്മൻചാണ്ടി വിശ്രമത്തിലാഴ്ന്നു.

ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ പുതുപ്പള്ളി തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ചാണ്ടിയുടെ ചരിത്ര വിജയം. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ ചാണ്ടിയുടെ സഹോദരി അച്ചു ഉമ്മനെതിരെ നടന്ന സൈബർ ആക്രമണങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു.

പോരിനിറങ്ങിയ ഗവർണറും സർക്കാരും

അയഞ്ഞും മുറുകിയും ഈ വർഷം മുഴുവനുണ്ടായിരുന്നു ഗവർണറും സർക്കാരും തമ്മിലുള്ള പോര്. 2022 മുതൽ ദൈനംദിന വിഷയമാണ് ഇത് കേരളത്തിൽ. പ്രത്യക്ഷമായും പരോക്ഷമായും പല സന്ദർഭങ്ങളിലായി ഇവ പുറത്തു വരികയും ചെയ്തു. ബില്ലുകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നതും വിസിമാരുടെ നിയമനവുമെല്ലാം ഇരുകൂട്ടർക്കുമിടയിലെ കനൽ ആളിക്കത്തിക്കുന്ന വിഷയങ്ങളാണ്.

തർക്കം മൂത്ത് ഒടുവിൽ നേരിട്ട് കണ്ടാൽ മുഖത്തേക്ക് പോലും നോക്കില്ലെന്ന സ്ഥിതിയിലാണ് മുഖ്യമന്ത്രിയും ഗവർണറും. പുതുമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കണ്ട ഭാവം നടിക്കാതെ ഒരേ വേദിയിലിരുന്ന ഇരുവരും ഇപ്പോൾ ട്രോളുകളിലെ മെയിൻ ആണ്.

മാസപ്പടി വിഷയം എന്തായി?

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും വിവാദങ്ങളുടെ കൊടുമുടി കയറി വർഷമായിരുന്നു 2023. വീണയ്ക്ക് സ്വകാര്യ കമ്പനി 1.72 കോടി നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയതായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇല്ലാത്ത സേവനത്തിന് കൊച്ചിൻ മിനറൽ ആൻഡ് റീട്ടെയ്ൽസ് കമ്പനി വീണയ്ക്ക് മാസപ്പടി നൽകിയെന്ന കേസിലെ ഹരജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയം ഏറ്റെടുത്ത് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെത്തിയതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.

രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു.

ആലുവയിലെ അഞ്ചു വയസുകാരി..

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ പീഡനക്കൊലയും 2023ൽ കേരളം കണ്ടു. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസം പ്രതിക്ക് കോടതി തൂക്കു കയർ വിധിച്ചു. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. കൊലപാതകം, പീഡനം,തെളിവുനശിപ്പിക്കൽ ഉൾപ്പെടെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 28 വയസുകാരനായ അസഫാഖിന്റെ പ്രായവും ശിക്ഷക്ക് ഇളവ് നൽകാനുള്ള കാരണമായി പരിഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് 28 വയസ്സ് മാത്രമുള്ളതിനാൽ മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാൽ ശിക്ഷയിൽ ഇളവുണ്ടാകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നത്.

കരുവന്നൂരും കണ്ടലയും പിന്നെ ഇഡിയും

നിക്ഷേപത്തട്ടിപ്പുകളിലൂടെ പ്രശസ്തമായ രണ്ട് സഹകരണബാങ്കുകളാണ് കണ്ടലയും കരുവന്നൂരും. കോടികളുടെ തട്ടിപ്പാണ് ഇരുബാങ്കിലും നടന്നിരുന്നത്. കരുവന്നൂരിൽ 300ഉം കണ്ടലയിൽ 100ഉം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. 

വ്യാജരേഖകൾ നിർമിച്ചും മൂല്യം ഉയർത്തിക്കാട്ടിയും ക്രമരഹിതമായി വായ്പയനുവദിച്ചും തട്ടിപ്പ് നടത്തിയെന്നാണ് ഉന്നതതല കമ്മിറ്റിയുടെ കണ്ടെത്തൽ. ക്രമക്കേട് വൻതുകയായതോടെ പൊലീസ് ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചു. മുൻ ഭരണസമിതി അംഗങ്ങളുൾപ്പടെ 18 പേരായിരുന്നു പ്രതിപ്പട്ടികയിൽ. ഒടുവിൽ ബാങ്കിൽ 150 കോടിയുടെ ക്രമക്കേട് നടന്നെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീനാണ് വ്യാജരേഖകൾക്ക് പിന്നിലെന്നും ഇഡി കണ്ടെത്തി.

സിപിഎം സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെങ്കിൽ കണ്ടലയിൽ തട്ടിപ്പിന്റെ തലപ്പത്തുണ്ടായിരുന്നത് കോൺഗ്രസിലുണ്ടായിരുന്നു, പിന്നീട് സിപിഐയുടെ മുൻ നിര നേതാവായി വളർന്ന എൻ.ഭാസുരാംഗനാണ്.

ഭാസുരാംഗന്റെ കുടുംബം തിരിച്ചടയ്ക്കാനുള്ളത് മൂന്നരക്കോടി രൂപയാണെന്നാ് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വലിയ തോതിൽ ക്രമക്കേട് നടത്തി പണം തട്ടിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കളമശ്ശേരി സ്‌ഫോടനവും വിവാദങ്ങളും

ഒക്ടോബർ 29നാണ് കേരളത്തെ ഞെട്ടിച്ച് കളമശ്ശേരിയിലെ യഹോവ കൺവൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടാകുന്നത്. കേസേിൽ സഹോവ സാക്ഷി സഭാംഗം തന്നെയായ ഡൊമിനിക് മാർട്ടിൻ എന്നയാൾ കീഴടങ്ങുകയും ചെയ്തു. സഭാവിശ്വാസങ്ങളോടുള്ള എതിർപ്പ് മൂലമാണ് കുറ്റകൃത്യം നടത്തിയതെന്നാണ് മാർട്ടിന്റെ മൊഴി. സംഭവത്തിൽ താൻ മാത്രമാണ് ഉത്തരവാദിയെന്നും ഇയാൾ പറയുന്നു.

എന്നാൽ ഇയാളുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ബോംബ് സ്‌ഫോടനത്തിന്റെ ആസൂത്രണം മുതൽ സ്‌ഫോടനം വരെ ആരുടെയെങ്കിലും സഹായമുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. മാർട്ടിന്റെ വിദേശബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പടെ ആറു പേരാണ് സ്‌ഫോടനത്തിൽ മരിച്ചത്.

പാനായിക്കുളം സിമി ക്യാമ്പ് കേസിൽ കോടതി വെറുതെവിട്ട നിസാമിനെയാണ് കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് പൊലീസ് തടഞ്ഞുവെച്ചിരുന്നത്. സംഭവത്തെ തുടർന്ന് തണ്ടർബോൾട്ടിന്റെ അകമ്പടിയോടെ സായുധ പൊലീസ് സംഘമെത്തി നിസാമിനെ കൊണ്ടുപോവുകയായിരുന്നു്. മാർട്ടിൻ കുറ്റം സമ്മതിച്ചിട്ടും ഏറെ കഴിഞ്ഞ ശേഷമാണ് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. മാർട്ടിൻ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അതിൽ പ്രതിചേർക്കപ്പെടുമായിരുന്നുവെന്നും നിസാം പറഞ്ഞിരുന്നു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടല്ല സ്റ്റേഷനിൽ കൊണ്ടുവന്നതെന്നായിരുന്നു എസ്പിയുടെ വാദം.

നാടു കാണാനിറങ്ങിയ സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിഭയൊന്നാകെ കേരളം കാണാനിറങ്ങിയ വർഷം കൂടിയായിരുന്നു 2023. മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ പ്രതിഷേധങ്ങളുടെ പരമ്പരയാണ് നവകേരള സദസ്സ് നേരിട്ടത്. യൂത്ത് കോൺഗ്രസും കെഎസ്‌യുവുമടക്കം പ്രതിപക്ഷം മുഴുവൻ പ്രതിഷേധപ്രകടനങ്ങളുമായി റോഡിലിറങ്ങുന്നതായിരുന്നു കാഴ്ച. നവകേരള ബസ് കടന്നുപോയ വഴികളിലെല്ലാം തന്നെ കരിങ്കൊടി പ്രതിഷേധങ്ങളുണ്ടായി. പ്രതിഷേധക്കാരെ പിടിച്ചുമാറ്റാൻ ലാത്തിയടി, കണ്ണീർവാതകം തുടങ്ങി 'രക്ഷാപ്രവർത്തന'ത്തിന്റെ ഏതറ്റം വരെയും പോകാൻ പൊലീസ് തയ്യാറായി. പൊലീസിന് ഇടവും വലവും ചേർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരും ക്രമസമാധാനപാലനത്തിനുണ്ടായിരുന്നു.

നവകേരള ബസ് യാത്ര ആരംഭിച്ച ആഴ്ചയിൽ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിനെ മോട്ടോർ വാഹന വകുപ്പ് പുറകെ നടന്ന് പിടികൂടിയതും പിഴയിട്ടതുമെല്ലാം നവകേരള സദസ്സിനെ കുറച്ച് കൂടി ഫെയ്മസ് ആക്കി.

ധൂർത്തിന്റെ പേരിലും യാത്രയ്ക്കായി സ്‌കൂൾ മതിൽ പൊളിച്ചതിന്റെ പേരിലുമെല്ലാം നവകേരള ബസും വാർത്തകളിലിടം നേടിയിരുന്നു.

കുസാറ്റ് ദുരന്തം

കേരളത്തിന് തീരാവേദന സമ്മാനിച്ച കുസാറ്റ് ദുരന്തത്തിനും 2023 സാക്ഷിയായി. കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത് വിദ്യാർഥികളടക്കം 4 പേർക്കാണ്. മഴ മൂലം ഓഡിറ്റോറിയത്തിലേക്ക് ആളുകൾ ഓടിക്കയറിയായിരുന്നു അപകടമുണ്ടായത്. തുടർന്നുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്കിൽ വീണപ്പോഴുണ്ടായ പരിക്കും ശ്വാസതടസ്സവുമാണ് മരണങ്ങൾക്ക് കാരണമായത്.

 പരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണ ഉപസമിതിയുടെ റിപ്പോർട്ട്. തുടർന്ന് അധ്യാപകരുൾപ്പടെ ഏഴ് പേരിൽ നിന്ന് സിൻഡിക്കേറ്റ് വിശദീകരണം തേടി. പരിപാടിക്ക് പൊലീസ് സഹായം തേടുന്നതിൽ രജിസ്ട്രാർ ഓഫീസിനും വീഴ്ചയുണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്.

ഓയൂർ തട്ടിക്കൊണ്ടു പോകൽ

നവംബർ 27നാണ് ആ സംഭവമുണ്ടാകുന്നത്. ഓയൂരിൽ ഒരു ആറുവയസുകാരിയെ കാണാനില്ല. സഹോദരനൊപ്പം ട്യൂഷന് പോകവേ വഴിയിൽ വച്ച് കാറിലെത്തിയ അജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയി. തുടർന്ന് കുട്ടിക്ക് വേണ്ടി ഒരു രാവും പകലും നീണ്ട കാര്യക്ഷമമായ, പഴുതടച്ച അന്വേഷണം. കുട്ടിയുടെ ചിത്രങ്ങളും വാർത്തയും തലക്കെട്ടുകളിൽ നിറഞ്ഞതോടെ, പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുപേക്ഷിച്ച് പ്രതികൾ കടന്നു.

എന്നാൽ അവരെ അങ്ങനെ വിടാൻ പൊലീസ് ഒരുക്കമായിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയായ ദമ്പതികളെയും മകളെയും പൊലീസ് തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. കൊല്ലം സ്വദേശി പത്മകുമാറും ഭാര്യയും മകളുമാണ് അറസ്റ്റിലായത്. കോടികളുടെ കടബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നലെന്നാണ് വിവരം.

പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നും ഓയൂരിലെ കുട്ടിയെ മാത്രം മൂന്ന് തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നുമാണ് പ്രതികളുടെ മൊഴി.ഒരു വർഷത്തെ തയ്യാറെടുപ്പാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലുണ്ടായിരുന്നത്. പണം തന്നെയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.

മുകളിൽ പറഞ്ഞവയൊക്കെയും 2023ൽ നമ്മളൊരുപക്ഷേ ആദ്യമോർക്കുന്ന വാർത്തകളായിരിക്കാം. എന്നാൽ മിത്ത് വിവാദം, അനിൽ ആന്റണിയുടെ ബിജെപി എൻട്രി, എഐ ക്യാമറയും അത് കേട്ട പഴിയും, വന്ദനാ ദാസ് കൊലപാതകം, ശ്രദ്ധ സതീഷിന്റെ ആത്മഹത്യ, ഇവയെല്ലാം നടന്നത് 2023ൽ തന്നെയായിരുന്നു.

രാഷ്ട്രീയരംഗത്തെ പ്രമുഖരായ വക്കം പുരുഷോത്തമൻ, ആനത്തലവട്ടം ആനന്ദൻ, കാനം രാജേന്ദ്രൻ എന്നിവരെയും ഇന്നസെന്റ്, മാമൂക്കോയ, സംവിധായകരായ സിദ്ദീഖ്, കെ.ജി ജോർജ് എന്നീ കലാകാരന്മാരെയും പോയ വർഷം നമുക്ക് നഷ്ടമായി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News