ഇനി തലസ്ഥാനത്തും ന്യൂജെൻ കല്യാണ മേളം; അറബിക്കടലിനെ സാക്ഷിയാക്കി പുതുജീവിതം തുടങ്ങി അനഘയും റിയാസും

സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിങ് സെന്‍റിറിന് ശംഖുമുഖത്ത് തുടക്കമായി

Update: 2023-12-01 05:14 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വിവാഹ ആഘോഷങ്ങള്‍ക്ക് പുതുമ പകർന്ന് സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിങ് സെന്‍റിറിന് തിരുവനന്തപുരം ശംഖുമുഖത്ത് തുടക്കമായി. ഉള്ളൂർ സ്വദേശിനി അനഘയും കൊല്ലം സ്വദേശി റിയാസുമാണ് ശംഖുമുഖത്ത് ഒരുക്കിയ വെഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിലെ ആദ്യ വധൂവരന്മാരായത്.

ബീച്ചില്‍ വിവാഹ ആഘോഷ പരിപാടി നടത്തണമെന്നത് പലരുടേയും ആഗ്രഹമായിരുന്നിരിക്കാം. അത് പ്രാവർത്തികമായിരിക്കുകയാണ് തിരുവനന്തപുരം ശംഖുമുഖത്ത്. ജ്വലിച്ചുനിന്ന അസ്തമയ സൂര്യനെയും ആ സൂര്യകിരണങ്ങളെ പ്രണയിച്ച മൺതരികളെയും സാക്ഷിയാക്കിയാണ് അനഘയും റിയാസും പ്രതീക്ഷയുടെ പുതുജീവിതത്തിലേക്ക് നടന്നു കയറിയത്.

വൈകുന്നേരം ആറുമണിയോടെ തുടങ്ങിയ വിവാഹ സൽക്കാരത്തിൽ പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസ്സുകളോടെയാണ് അനഘയുടെ കഴുത്തിൽ റിയാസ് താലിചാർത്തിയത്. സർക്കാരിന്റെ ഇത്തരമൊരു ഉദ്യമത്തിൽ പങ്കാളികളാകുന്നതിനുള്ള സന്തോഷമാണ് നവദമ്പതികൾ പങ്കുവെച്ചത്.

വിനോദസഞ്ചാരവകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഇവിടെ 500ലധികം പേർക്ക് ഒത്തുചേരാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി കലാപരിപാടികളും വേദിയില്‍ ഉണ്ട്. രണ്ടു കോടിയോളം രൂപ ചിലവിട്ട് സർക്കാർ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡിടിപിസിക്കാണ്. വിവാഹം നടത്താൻ എത്തുന്നവർക്കുള്ള താമസം ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ തന്നെ സർക്കാർ ഒരുക്കുന്നുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News