മുല്ലപ്പെരിയാറിൽ കേരളത്തിന്‍റെ അപേക്ഷ ഇന്ന് സുപ്രിം കോടതിയിൽ

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്

Update: 2021-12-15 01:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുല്ലപ്പെരിയാറിൽ കേരളം നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ നടപടി ചോദ്യം ചെയ്താണ് സുപ്രിം കോടതിയിൽ കേരളം പുതിയ അപേക്ഷ നൽകിയത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്‍റെ നടപടി തടയണമെന്ന് കേരളം ആവശ്യപ്പെടുന്നു.

സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാൻ കേരള തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുന്നറിയിപ്പ് നൽകിയാണ് വെള്ളം തുറന്നുവിട്ടതെന്ന് തമിഴ്നാട് നൽകിയ സത്യവാങ്മൂലത്തിലുണ്ട്.

വെള്ളം തുറന്ന് വിടുന്നതിൽ തീരുമാനം എടുക്കാൻ സംയുക്ത സമിതി വേണമെന്ന ആവശ്യവും തമിഴ്നാട് തള്ളിയിരുന്നു. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസം നിൽക്കുന്നുവെന്നും തമിഴ്നാട് സത്യവാങ്മൂലത്തിൽ ആരോപിച്ചു. തുടര്‍ച്ചയായി രാത്രികാലത്ത് തമിഴ്നാട് മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം ഒഴുക്കിവിട്ടതോടെ പെരിയാറില്‍ ജലനിരപ്പ് കൂടി. സമീപത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് കേരളം തമിഴ്നാടിനെതിരെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News