വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരം:- കെഎച്ച്എസ്ടിയു

ദേശീയ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മൂല്യനിർണ്ണയം നടത്തണം എന്ന ആരുടെയോ പിടിവാശിയാണ് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നത്.

Update: 2022-05-02 14:41 GMT
Advertising

തിരുവനന്തപുരം: മൂല്യനിർണ്ണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം അശാസ്ത്രീയമായി വർദ്ധിപ്പിച്ച നടപടിക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തര സൂചികകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന്റെയും പേരിൽ അധ്യാപക സംഘടനകളെ കൂച്ചുവിലങ്ങിടാനുള്ള വിദ്യാഭ്യസമന്ത്രിയുടെ ശ്രമം ദൗർഭാഗ്യകരമാണെന്ന് കെഎച്ച്എസ്ടിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ജനാധിപത്യ ഭരണകൂടത്തിലെ വിദ്യാഭ്യാസമന്ത്രി ഏകാധിപത്യത്തിന്റെ സ്വരമുയർത്തി, അധ്യാപക സംഘടനകളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കരുത്. അക്കാദമിക വിഷയങ്ങളിൽ അധ്യാപകർ നിർഭയമായി അഭിപ്രായങ്ങൾ പറയുക തന്നെ ചെയ്യും. പൊതുപരീക്ഷകൾ സുതാര്യമായും വിശ്വാസ്യതയോടും നടത്തുവാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ചവീഴ്ചകൾ തിരുത്തേണ്ടതിനു പകരം ജനാധിപത്യ വിരുദ്ധമായി അച്ചടക്കത്തിന്റെ വാളുയർത്താൻ വിദ്യാഭ്യാസമന്ത്രി ശ്രമിക്കുന്നത് പരിഹാസ്യമാണ്.

ദേശീയ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മൂല്യനിർണ്ണയം നടത്തണം എന്ന ആരുടെയോ പിടിവാശിയാണ് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നത്. അപാകത നിറഞ്ഞ ചോദ്യപേപ്പറിന്റെ ഉത്തരസൂചിക പരീക്ഷാ ബോർഡിന്റെ മേൽനോട്ടത്തിൽ 12 അധ്യാപകർ ചേർന്ന് തയ്യാറാക്കിയത് ഏകപക്ഷീയമായി പിൻവലിച്ചതാണ് മൂല്യനിർണ്ണയം ദുഷ്‌കരമാക്കി മാറ്റിയത്. മൂല്യനിർണ്ണയം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് അന്തിമ ഉത്തര സൂചികയ്ക്ക് പകരം മറ്റൊരു സൂചിക പോർട്ടലിൽ പ്രസിദ്ധീകരിച്ചതിന്റെ വിശദാംശങ്ങൾ അറിയാൻ പരീക്ഷാ വിഭാഗത്തിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും അവഗണിക്കുകയാണ് ചെയ്തത്. വിദ്യാർത്ഥികളോട് നീതി പുലർത്താൻ വേണ്ടിയാണ് അധ്യാപകർക്ക് മൂല്യനിർണ്ണയം ബഹിഷ്‌കരിക്കേണ്ടി വന്നത്. സ്വന്തം വകുപ്പിലെ വീഴ്ചകൾ മറയ്ക്കുവാൻ അധ്യാപകരെ കുറ്റപ്പെടുത്തുന്നതിനു പകരം സുതാര്യമായി ഉത്തര സൂചിക പുതുക്കി മൂല്യനിർണ്ണയം നടത്താൻ സൗകര്യമൊരുക്കണം. ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തുവിടാൻ തയാറാവത്തവർ പാതി വെന്ത റിപ്പോർട്ടിനെ കുറിച്ച് വീരസ്യം പറയുന്നത് ജാള്യം മറയ്ക്കുവാനാണെന്ന് കെഎച്ച്എസ്ടിയു സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News