കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും
കേസിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെ തമിഴ്‌നാട്ടിലടക്കം കൊണ്ടുപോയി തെളിവെടുക്കണമെന്നുമാണ് പൊലീസ് നിലപാട്
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
പത്ത് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിൻറെ ആവശ്യം. കേസിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെ തമിഴ്‌നാട്ടിലടക്കം കൊണ്ടുപോയി തെളിവെടുക്കണമെന്നുമാണ് പോലീസ് നിലപാട്.
ഓയൂർ കുട്ടി കടത്തു കേസിലെ പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരുടെ കസ്റ്റഡി അപേക്ഷയാണ് കൊട്ടാരക്കര കോടതിയിൽ സമർപ്പിക്കുക. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചശേഷം വിശദമായി അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. തമിഴ് നാട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടത് ഉള്ളതുകൊണ്ട് 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാകും കോടതിയിൽ സമർപ്പിക്കുക. പൊലീസിൻറെ അപേക്ഷയിൽ നാളെ കോടതി നടപടി സ്വീകരിക്കും. ഗൂഢാലോചന, വാഹനം പോയ വഴികൾ, കടകൾ, സ്ഥലങ്ങൾ ഇവിടെല്ലാം മൂന്ന് പേരെയും എത്തിക്കണം. രണ്ടാം പ്രതി അനിത കുമാരിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും അന്വേഷിക്കും. പ്രതികളുടെ മൊഴിയിലെ വിശ്വാസ്യത ഉറപ്പിക്കാൻ പരമാവധി തെളിവുകൾ ശേഖരിക്കാൻ ആയിരിക്കും അന്വേഷണസംഘം ശ്രമിക്കുക.
പത്മകുമാർ തിരുവനന്തപുരം സെൻട്രൽ ജയിലിലും അനിതകുമാരിയും അനുപമയും ആട്ടകുളങ്ങര ജയിലിലും ആണുള്ളത്. അതേസമയം, തട്ടിക്കൊണ്ടുപോകപ്പെട്ട ആറുവയസുകാരി ഇന്ന് മുതൽ സ്‌കൂളിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആണ്.