6,943 കോടി രൂപയുടെ 44 പദ്ധതികള്‍ക്ക് കിഫ്ബിയുടെ ധനാനുമതി
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അഞ്ചു വര്‍ഷത്തേക്ക് കൂടി ജി.എസ്.ടി നഷ്ടപരിഹാരം നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു
റോഡ് വികസനത്തിന് ഊന്നല്‍ നല്‍കി 6,943 കോടി രൂപയുടെ 44 പദ്ധതികള്‍ക്ക് കിഫ്ബിയുടെ ധനാനുമതി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അഞ്ചു വര്‍ഷത്തേക്ക് കൂടി ജി.എസ്.ടി നഷ്ടപരിഹാരം നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
കിഫ്ബി ബോര്‍ഡ് യോഗം ധനനുമതി നല്‍കിയതില്‍ 63 ശതമാനം തുകയും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പദ്ധതികള്‍ക്കാണ്. ആനക്കാംപൊയില്‍ -മേപ്പാടി ടണല്‍ റോഡ് നിര്‍മ്മാണത്തിന് 2134 കോടിയും ആലുവ-മൂന്നാര്‍ റോഡിന്‍റെ സ്ഥലമേറ്റെടുപ്പിന് 653 കോടിയും ഉള്‍പ്പെടെ 4398 കോടി രൂപ പൊതുമരാമത്ത് വകുപ്പിനാണ്. വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണത്തിന് 915 കോടിയും എറണാകുളം അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റിക്ക് 850 കോടി രൂപയും അനുവദിച്ചു. പേരൂര്‍ക്കട, കിഴക്കേക്കോട്ട-മണക്കാട് ഫ്ലൈ ഓവറുകളുടെ സ്ഥലമേറ്റെടുപ്പിന് 146 കോടി രൂപയും മലയോര ഹൈവേയ്ക്ക് 65 കോടി രൂപയും മാറ്റി.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് അഞ്ചു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം ഉറപ്പാക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി നിരവധി നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.