കിഴക്കമ്പലം ആക്രമണം: 25 പേരെ റിമാന്‍റ് ചെയ്തു, പ്രതികള്‍ മണിപ്പൂര്‍, ജാര്‍ഖണ്ഡ്, അസം സ്വദേശികള്‍

പ്രതികൾ സ്റ്റേഷൻ ജീപ്പിൻറെ താക്കോൽ ബലമായി ഊരിയെടുത്തെന്നും അക്രമികളിൽ ഒരാൾ എസ്.ഐ സാജൻറെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Update: 2021-12-28 02:02 GMT
Editor : abs | By : Web Desk
Advertising

കിഴക്കമ്പലം കിറ്റക്‌സിൽ പൊലീസിനെ അക്രമിച്ച കേസിൽ 25 പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. തങ്ങൾ നിരപരാധികളെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. മണിപ്പൂർ, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലുളളവരാണ് റിമാന്‍ഡിലുളള ഭൂരിഭാഗം പേരും. പ്രതികൾക്കായി ജില്ലാ നിയമസഹായ വേദിയിലെ അഭിഭാഷകൻ ഹാജരായി.

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസിനെ തൊഴിലാളികൾ ആക്രമിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്. 11 വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകൾ ചുമത്തിയത്. മാരകായുധങ്ങൾ കൈവശം സൂക്ഷിച്ചു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും പൊലീസ് ആക്രമിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പ്രതികൾ സ്റ്റേഷൻ ജീപ്പിൻറെ താക്കോൽ ബലമായി ഊരിയെടുത്തെന്നും അക്രമികളിൽ ഒരാൾ എസ്.ഐ സാജൻറെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സർക്കാറിനുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ക്രിസ്മസ് ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങൾക്ക് തുടക്കം. കിറ്റക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടു.

നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടുത്തിയത്. പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇൻസ്‌പെക്ടർ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.

മണിപ്പൂർ ബിഷ്ണു പൂർ മോറങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ടി.എച്ച് ഗുൽഷൻ സിങ്ങ്, ചുരച്ചൻ പൂർ മോയിഗങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സെർട്ടോ ഹെൻജാക്കുപ്കോൻ, മോയി രംഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗാങ്ങ്സാലുവായ് വില്ലേജിൽ മൈരമ്പാംബോയിച്ചാ സിങ്ങ്, അസം സ്വദേശി കൊക്രജാർ ഡിങ്കഡിങ്ക വില്ലേജിൽ അഷിംറോയി, കർവിലങ്ങോങ്ങ് പണ്ടുരി മേഘ വില്ലേജിൽ ബിദാസേങ്ങ് കോലാർ, ടിൻസുക്കിയ ഫിലോപുരി വില്ലേജിൽ ഏലിയാസ് ബറുവ, ബുദൽ പാറ വില്ലേജിൽ പൗലുഷ് കാൽക്കോ, ചന്ദ്രപ്പൂർ വില്ലേജിൽ കെലോൺ മരാക്ക്, ഉദൽ ഗിരി വില്ലേജിൽ ജോൺ കാദിയ മകൻ കരാമ കാദിയ, മൊയിലാ പുങ്ങ് വില്ലേജിൽ പത്രോസ് ഉരങ്ങിന്‍റെ മകൻ റജിബ് ഉരങ്ങ്, യു.പി കുശി നഗർ ജില്ലയിലെ കട്ടായി ബാർ പൂർവ വില്ലേജിൽ അജേഷ്, കർദിഹാ വില്ലേജിൽ രമേശ് കുമാർ, ബിഹാർ ഗോരാദി വില്ലേജിൽ രവി കിസ്കു, ജാർഖണ്ഡ് മിർസാ ചൗക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ ലൂയിസ് ഹെംറോൻ, മെഹർമ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബിനോദ് മര്യ, സോനുറ്റുഡു, മിർസാ ചൗക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ ടാലു മർമു, ഖുണ്ടി ജില്ലയിൽ ഇമിൽ സാൻസി, വെ. ബംഗാൾ ദിനാജ് പൂർ ജില്ലയിൽ സുനിൽ ഹസ്ദ മകൻ ജയന്ത് ഹസ്ദ, കട്ടി ഹാർ ജില്ലയിൽ വിനോദ് ഹൻസ്ദ, ജാർഖണ്ഡ് മിർസാ ചൗക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെറ്റക്ക ഹെബ്രോൺ, രവിറ്റുഡു, മണിപ്പൂർ ചക്ക്പി ച രോങ്ങ് കുമിയോ കാൻ ക്രുങ്ങ്, മരിങ്ങ്ടേം സനാടോമ്പ സിങ്ങ്, അസം സ്വദേശി ദിഗന്ത സാഹ എന്നിവരാണ് റിമാൻഡിലായത്.

റിമാന്‍ഡ് റിപ്പോര്‍ട്ട് 




 







 



 




 



Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News