കാഫിർ പരാമർശ പോസ്റ്റ് പിൻവലിച്ച് കെ.കെ ലതിക
കെ.കെ ലതിക ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു
കോഴിക്കോട്: വടകരയിൽ വിവാദമായ കാഫിർ പരാമർശ പോസ്റ്റ് പിൻവലിച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ.ലതിക. പിന്നാലെ അവർ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു. വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ ലതികക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെകെ ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.
യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. കാസിം താനല്ല പോസ്റ്റ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഉടൻ തന്നെ റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. ആ സമയത്തൊന്നും ലതിക പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇവരെ ചോദ്യം ചെയ്യുകയും മാെഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെകെ ലതിക ഇന്ന് പോസ്റ്റ് പിൻവലിച്ചത്.