കാഫിർ സ്ക്രീൻഷോട്ട് കെ.കെ. ലതിക പങ്കുവെച്ചത് തെറ്റ്: കെ.കെ. ശൈലജ എം.എൽ.എ

‘പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു’

Update: 2024-08-14 06:50 GMT
Advertising

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക പങ്കുവെച്ചത് തെറ്റായിപ്പോയെന്ന് കെ.കെ. ശൈലജ എം.എൽ.എ. സ്ക്രീൻ ഷോട്ട് എന്തിനാണ് ഷെയർ ചെയ്തെന്ന് കെ.കെ. ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു മറുപടി.

കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാർഥ ഇടത് നയമുള്ളവർ ഇത് ചെയ്യില്ല. പൊലീസ് റിപ്പോർട്ടിലെ സൈബർ ഗ്രൂപ്പുകളെ കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്.

പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. തനിക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടായി.ഇക്കാര്യത്തിലും കേസുകളുണ്ട്.

കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ പ്രചാരണം നടത്തി. ലൗ ജിഹാദ് പരാമർശമെന്ന പേരിലും വ്യാജപ്രചാരണം നടത്തിയെന്നും കെ.കെ. ശൈലജ പറഞ്ഞു.

കാഫിർ സ്ക്രീൻഷോട്ട് സംബന്ധിച്ച പൊലീസ് റിപ്പോർട്ട് കണ്ടിട്ടില്ല. പൊലീസ് കൃത്യമായ വിവരശേഖരണം നടത്തണം. ഇത് നിർമച്ചത് ആരാണെങ്കിലും ഇടതുപക്ഷത്തിനെതിരാണ്. വ്യാജപ്രചാരണം നടത്തിയ എല്ലാവർക്കുമെതിരെ ഒരുപോലെ കേസെടുക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.

കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഭീകര പ്രവർത്തനം എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശേഷിപ്പിച്ചത്. സമുദായ നേതാവിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിമിച്ചതും ഭീകരപ്രവർത്തനം അല്ലേയെന്നും കെ.കെ. ശൈലജ ചോദിച്ചു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News