കെ.എം ബഷീർ കൊലക്കേസ്: വിചാരണാ നടപടികൾക്ക് സ്റ്റേ
ഹരജി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണാ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് നടപടി. കേസിൽ ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‍ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ശ്രീറാമിനെതിരായ നരഹത്യാകുറ്റം ഒഴിവാക്കിയ കീഴ്‍ക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കും എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. ഹരജി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കീഴ്ക്കോടതി നിരീക്ഷണം. 10 വർഷം വരെ തടവ് ലഭിക്കാവുന്ന മനപ്പൂർവമുള്ള നരഹത്യക്കുള്ള വകുപ്പായ 304-2 ഒഴിവാക്കിയായിരുന്നു കോടതി വിധി.
ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കാർ ഓടിച്ചത് വഫയാണെന്ന് ശ്രീറാം മൊഴി നൽകിയത്. വാഹനം ഓടിച്ചത് അമിതവേഗതിയിലാണെന്നതിന് തെളിവുണ്ടെന്നും രക്തസാമ്പിളുകൾ ശേഖരിക്കാൻ ശ്രീറാം അനുവദിച്ചത് പത്ത് മണിക്കൂറിന് ശേഷമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.