'ഞാനീ അപകടം നേരത്തെ മനസ്സിലാക്കണമായിരുന്നു, ഇത് പക്കാ രാഷ്ട്രീയം': കെഎം ഷാജി
"രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. പണം കണ്ടെത്തിയത് ക്ലോസറ്റിൽ നിന്നല്ല. കട്ടിലിന് അടിയിൽ നിന്നുള്ള അറയിൽ നിന്നാണ്"
കോഴിക്കോട്: വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെത്തിയ പണത്തിന് കൃത്യമായ സ്രോതസ്സ് ഉണ്ടെന്ന് കെ.എം ഷാജി എംഎൽഎ. പണം തെരഞ്ഞെടുപ്പ് ചെലവിനായി പിരിച്ചെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജി. ഈ അപകടം താൻ നേരത്തെ മനസ്സിലാക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കും. പണം കണ്ടെത്തിയത് ക്ലോസറ്റിൽ നിന്നല്ല. കട്ടിലിന് അടിയിൽ നിന്നുള്ള തറയിൽ നിന്നാണ്. കണ്ടെടുത്ത വിദേശ കറൻസി മക്കളുടെ ശേഖരത്തിൽ നിന്നുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്റെ ബോധ്യം സത്യസന്ധമായി യാതൊരു മറയുമില്ലാതെ കാര്യങ്ങൾ പറയുക എന്നതാണ്. ഷാജിയുടെ ഭാഷ വേറെയാണ്, ശൈലി വേറെയാണ് എന്ന് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞിരുന്നു. പലരും എന്നോട് പറയാറുണ്ട്, അങ്ങനെയൊന്നും പറയരുത് എന്ന്. നമ്മൾ ചിലതൊക്കെ കാണുമ്പോൾ പറഞ്ഞു പോകുന്നതാണ്. അത് നൂറു ശതമാനം ശരിയാണോ എന്നുള്ളതല്ല' - ഷാജി കൂട്ടിച്ചേർത്തു.
'ഭൂമിയുടെ രേഖകൾ പിടിച്ചെടുത്തിട്ടില്ല. ഒരു രേഖയും കിട്ടിയിട്ടുണ്ടാകില്ല. പല തരത്തിലുള്ള ബില്ലുകൾ കിട്ടിയുണ്ട്. നേരത്തെ ഞാനീ അപകടം മനസ്സിലാക്കേണ്ടിയിരുന്നു. ബാങ്കിൽ കൊണ്ടുപോയി ആ പണം ഇടണമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു എംഎൽഎയുടെ വീട്ടിൽ തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം വന്ന് റെയ്ഡ് നടത്തുന്നത്. ഇത് പക്കാ രാഷ്ട്രീയമാണ്. അങ്ങനെയൊക്കെ മര്യാദകേട് കാണിക്കുമ്പോൾ ഞാൻ കുറച്ചു കൂടി കരുതലെടുക്കാമായിരുന്നു' - ഷാജി പറഞ്ഞു.
'മൂന്നു വർഷമായി എന്നെ വേട്ടയാടുന്നു. എന്നാൽ അഴീക്കോട് മണ്ഡലത്തിൽ ഒരു പോസ്റ്റർ പോലും എനിക്കെതിരെ ഇറക്കിയില്ല. ഞാൻ അഴിമതിക്കാരനാണെന്ന് പ്രസംഗിച്ചില്ല. എതിർസ്ഥാനാർത്ഥിയായ സുമേഷ് ഒരു വാക്കിൽ പോലും എന്നെക്കുറിച്ച് പറഞ്ഞില്ല' - അദ്ദേഹം ചൂണ്ടിക്കാട്ടി.