മൊറോക്കോ സ്‌പെയിനിനോട് ജയിക്കുന്നതിൽ രാഷ്ട്രീയമുണ്ട്; കളിക്കിടയിൽ വലിയ കാര്യങ്ങളുണ്ടെന്ന് ഖത്തർ തെളിയിച്ചു-കെ.എം ഷാജി

''കാലില്ലാത്ത ഗാനിമാണ് കാൽപന്തുകളിയുടെ മാന്ത്രികതയിലേക്ക് ലോകത്തെ ക്ഷണിച്ചത്. കാലില്ലാത്തവനും ഫുട്‌ബോളിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഖത്തർ. വീൽചെയറിലും ആളുകൾ കളികാണാൻ വരുന്നു. വലിയ താരങ്ങൾ അവരെ ചേർത്തുപിടിക്കുന്നു.''

Update: 2022-12-12 17:03 GMT
Editor : Shaheer | By : Web Desk

KM Shaji

Advertising

ദുബൈ: കളിക്കിടയിൽ വലിയ കാര്യങ്ങളുണ്ടെന്ന് ലോകകപ്പിലൂടെ അറബ് ലോകവും ഖത്തറും തെളിയിച്ചെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. സ്‌പെയിനിനോടും പോർച്ചുഗലിനോടും മൊറോക്കോ ജയിക്കുന്നതിൽ വലിയ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയിൽ കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി.

കറുത്ത വർഗക്കാർ ആദ്യമായി സെമിയിൽ കടന്ന കളിയാണ് ഖത്തർ ലോകകപ്പെന്ന് ഷാജി പറഞ്ഞു. ആകാശത്തോളം ഉയർന്നുനിൽക്കുന്ന മൂന്ന് ഓസ്‌കാറുകൾ വാങ്ങിയ ഒരു കറുത്ത മനുഷ്യൻ, കാലില്ലാത്തൊരു ചെറുപ്പക്കാരന്റെ അടുത്തേക്ക് ഭൂമിയിൽ താഴ്ന്നിരുന്ന് തുടങ്ങിയ ലോകകപ്പാണിത്. അവിടെ രാഷ്ട്രീയമുണ്ട്. പാട്ടും നൃത്തനൃത്യങ്ങളും സുന്ദരികളായ ലളനാമണികളുടെ ആഹ്ലാദച്ചുവടുകളുമുണ്ടായില്ലെങ്കിലും അവിടെ വേറെ കുറേ രാഷ്ട്രീയം പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''കാലില്ലാത്ത ഗാനിമാണ് കാൽപന്തുകളിയുടെ മാന്ത്രികതയിലേക്ക് ലോകത്തെ ക്ഷണിച്ചത്. കാലുള്ളവന്റെ മാത്രം കളിയല്ല ഫുട്‌ബോൾ. കാലില്ലാത്തവനും അതിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുകയായിരുന്നു അന്ന് ഖത്തർ. വീൽചെയറിലും ആളുകൾ കളികാണാൻ വരുന്നു. വലിയ താരങ്ങൾ അവരെ ചേർത്തുപിടിക്കുന്നു.''

''ഒരു ഭാഗത്ത് കാലില്ലാത്ത ഗാനിമിന്റെയും മറുഭാഗത്ത് കറുത്തവനായ മോർഗൻ ഫ്രീമാന്റെയും അതിജീവനത്തെ ചേർത്തുനിർത്തി മുഴങ്ങിയ ശബ്ദമുണ്ട്. ആണായും പെണ്ണായും കറുത്തവനായും വെളുത്തവനായും ധനാഢ്യനായും പാവപ്പെട്ടവനായുമെല്ലാമുള്ള വൈജാത്യങ്ങൾക്കെല്ലാം ഹൃദയവിശുദ്ധിക്കപ്പുറത്ത് ഒരു പ്രത്യേകതയുമില്ലെന്ന മാനുഷികതയുടെ വലിയ രാഷ്ട്രീയപ്രഖ്യാപനമാണ് ഖത്തർ യൂറോപ്പിന്റെ വംശവെറിയോടും മതഭ്രാന്തിനും എതിരായി അന്നു പ്രഖ്യാപിച്ചത്.''

മൊറോക്കോ സ്‌പെയിനിനോട് ജയിക്കുമ്പോഴും രാഷ്ട്രീയമുണ്ട്. തങ്ങളുടെ അധിപന്മാരോട് കളിക്കളത്തിൽ മൊറോക്കോ പകരംവീട്ടുന്ന രാഷ്ട്രീയമായിരുന്നു അത്. നല്ല കളികളെയും കളിക്കാരെയും നിരാകരിക്കുകയല്ല. പോർച്ചുഗലിനെയും ഇഷ്ടമാണ്. എന്നാൽ, പോർച്ചുഗലിനോട് കളിക്കളത്തിൽ മൊറോക്കോ ജയിക്കുമ്പോഴും രാഷ്ട്രീയമുണ്ട്. കളികൾ പറയുന്ന രാഷ്ട്രീയമുണ്ട്. ആരോഗ്യകരമായ, സർഗാത്മകമായ കളിയാണത്-ഷാജി അഭിപ്രായപ്പെട്ടു.

Full View

രാഷ്ട്രീയം പറയാനും മതം പറയാനും സർഗാത്മകമായ ഒരുപാട് വഴികളുണ്ട്. എല്ലാത്തിനെയും സർഗാത്മകമായി മാറ്റാം. ആദ്യത്തെ ഗോളടിക്കുമ്പോൾ സലാഹ് സുജൂദിൽ വീഴുന്നതിലും മണ്ണിലേക്ക് തല ചേർത്തുവയ്ക്കുന്നതിലും രാഷ്ട്രീയവും പ്രബോധനവും പ്രദർശനപരതയുമുണ്ടെന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News