ചിലരെ തകര്‍ക്കാന്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുണ്ടെന്ന് കെ.എം ഷാജി

പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഷാജി പറഞ്ഞു. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമുള്ള സംവിധാനങ്ങളൊന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.

Update: 2021-06-12 10:55 GMT
Advertising

തകര്‍ക്കേണ്ട ആളുകളുടെ കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജിയുടെ വെളിപ്പെടുത്തല്‍. ഡിപ്ലോമാറ്റിക് കോംപ്രമൈസ് എന്നാണ് ഇത്തരം സൗഹൃദങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്.

തന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതും പണം പിടിച്ചെടുത്തതും നിഷ്‌കളങ്കമാണെന്ന് കരുതുന്നില്ല. രണ്ട് ദിവസം ബാങ്ക് ലീവാണെന്ന കാര്യമടക്കം പരിഗണിച്ച് കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത് എന്നാല്‍ ആരുടെയും പേര് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'നഷ്ടപ്പെട്ടു പോയ സീറ്റുകളേക്കാള്‍ പാര്‍ട്ടി ഗൗരവമായി കാണേണ്ടത് നഷ്ടപ്പെട്ടു പോയ വോട്ടുകളാണ്. ഇത്ര സീറ്റു കിട്ടിയില്ലെന്നു പറയുന്ന ആശ്വാസമല്ല, ഇത്രയും വോട്ടുകള്‍ കുറഞ്ഞു പോയില്ലേ എന്ന ആശങ്കയാണ് ഒരു പാര്‍ട്ടിയെ, പ്രത്യേകിച്ച് മുസ്ലിം ലീഗിനെ ഗൗരവത്തില്‍ ഈ ചര്‍ച്ചകള്‍ കൊണ്ടുവരണമെന്ന് ഞാന്‍ വിചാരിക്കുന്നത്. മുസ്ലിംലീഗിനെ കോര്‍ണറൈസ് ചെയ്ത് ആക്രമിക്കല്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. ഈ വോട്ടിന്റെ വ്യതിയാനം വരാന്‍ പാടില്ലാത്തതാണ്. ആരൊക്കെ തോറ്റു പോയി, എത്ര സീറ്റുകള്‍ കുറഞ്ഞു, എന്നാലും ഇത്രയൊക്കെ നമ്മള്‍ പിടിച്ചല്ലോ എന്ന ആശ്വാസത്തേക്കാള്‍ വലുതാണ് ഈ കുറഞ്ഞു പോയ വോട്ടുകള്‍' - അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഷാജി പറഞ്ഞു. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമുള്ള സംവിധാനങ്ങളൊന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഹൈദരലി ശിഹാബ് തങ്ങളും സ്വാദിഖലി ശിഹാബ് തങ്ങളും ചര്‍ച്ചകള്‍ നടക്കണമെന്ന നിലപാടുള്ളവരാണ്. അവര്‍ എത്ര തിരക്കിലായാലും നിങ്ങള്‍ ചര്‍ച്ച നടത്തിക്കോളൂ എന്നാണ് പറയാറുള്ളത്. എന്നിട്ടും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News