'സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേ'? പി.എഫ്.ഐ പ്രവർത്തകരെ വീണ്ടും ലീഗിലേക്ക് ക്ഷണിച്ച് കെ.എം ഷാജി
'പി.എഫ്.ഐ പ്രവർത്തകർ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാക്കണം'
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വീണ്ടും ലീഗിലേക്ക് ക്ഷണിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പി.എഫ്.ഐ പ്രവർത്തകർ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാക്കണമെന്നും കെ.എം ഷാജി പറഞ്ഞു. മുമ്പ് നിരോധനം നേരിട്ട സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേയെന്നും ഷാജി ചോദിച്ചു. മലപ്പുറം വളാഞ്ചേരിയിൽ മുസ്‍ലിം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയിലാണ് കെ.എം ഷാജി നിലപാട് ആവർത്തിച്ചത്.
'നമ്മുടെ മക്കളെ, നമ്മുടെ സഹോദരന്മാരെ കാഴ്ച്ചപ്പാടുകളുടെ വൈകല്യം കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറിയാൽ അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യത നമുക്കില്ലേ...ഞങ്ങൾ അവരെ വിളിക്കുന്നത് സി.പി.എമ്മിലേക്കല്ല ലീഗിലേക്കാണ്. സി.പി.എമ്മിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം.വെട്ടാനും കുത്താനുമാകുമെന്നും ഷാജി പറഞ്ഞു.
'ആദ്യം നിരോധിച്ച സംഘടന സിമിയായിരുന്നു. അതിലെ നേതാക്കന്മാർ എവിടെയാ ഇപ്പോൾ എവിടെയാണ്. എൻ.ഡി.എഫുകാരന്റെ മുഖത്തുനോക്കി നിന്റെ തീവ്രവാദ വോട്ടുകൾ വേണ്ടെന്ന് പരസ്യമായി പറഞ്ഞാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് ഇരുട്ടിൻറെ മറവിൽ പോയി എൻഡിഎഫുകാരന്റെ ആഫീസിൽ കയറിയിട്ട് വോട്ടിൻറെ കച്ചവടം ചെയ്ത നിങ്ങളുടെ നേതാക്കന്മാർക്ക് ഞങ്ങൾ പറയുന്ന ഭാഷ മനസിലാവില്ലെന്നും ഷാജി പറഞ്ഞു.