മൂന്ന് ദിവസം കൊണ്ട് ശമ്പളം നൽകും, പണം തടഞ്ഞ് വെച്ചിട്ട് ബിജെപി ന്യായം പറയുന്നു:ധനമന്ത്രി

13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രവും സമ്മതിക്കുന്നുണ്ടെന്നും മന്ത്രി

Update: 2024-03-04 06:03 GMT

കെ.എന്‍ ബാലഗോപാല്‍

Advertising

തിരുവനന്തപുരം: ശമ്പളം, പെൻഷൻ എന്നിവ ഒന്നാം തീയതി എല്ലാവർക്കും കിട്ടിയില്ലെന്നും മൂന്ന് ദിവസം കൊണ്ട് നൽകുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും കേന്ദ്ര വലിയ വെട്ടിക്കുറയ്ക്കൽ നടത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രഷറിയിൽ നിയന്ത്രണമുള്ളതിനാൽ ഒരു ദിവസം 50,000 രൂപ വരെ മാത്രമേ പിൻവലിക്കാനാകൂവെന്നും പെൻഷനും ഇത് ബാധകമാണെന്നും വ്യക്തമാക്കി.

കേരളത്തിന് തരാനുള്ള പണം മുഴുവൻ തടഞ്ഞ് വെച്ചിട്ട് ബിജെപി ന്യായം പറയുകയാണെന്നും 13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രവും സമ്മതിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യമെന്നും കോടതി പോയതിന്റെ പേരിൽ പണം തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ എന്താണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നയമെന്ന് ചോദിച്ചു.

ജീവനക്കാരുടെ നിരാഹാര സമരത്തിന് എതിരെ ധനമന്ത്രി പ്രതികരിച്ചു. രാജ്ഭവന് മുന്നിലാണ് അവർ സമരം നടത്തേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിന്റെ അവകാശം തടയാൻ കേന്ദ്രത്തിന് എന്ത് അവകാശമെന്നും ചോദിച്ചു.

അതേസമയം, ശമ്പളം വൈകുന്നതിനെതിരെ എറണാകുളത്ത് സർക്കാർ ജീവനക്കാരുടെ പ്രതിഷേധം നടന്നു. കാക്കനാട് ജില്ലാ ട്രഷറിക്ക് മുൻപിൽ കുത്തിയിരുന്നാണ് പ്രതിഷേധം. എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News