ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് കെ.എന്‍ ബാലഗോപാല്‍
കയ്യടിക്ക് വേണ്ടി ഒരു കാര്യം പറഞ്ഞിട്ട് കാര്യമില്ല. ചോദ്യം അങ്ങനെ പറയാം, പക്ഷെ ഉത്തരം അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു
ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കയ്യടിക്ക് വേണ്ടി ഒരു കാര്യം പറഞ്ഞിട്ട് കാര്യമില്ല. ചോദ്യം അങ്ങനെ പറയാം, പക്ഷെ ഉത്തരം അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ വിഷ്ണുനാഥിന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക പ്രായോഗികമല്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ പഠന സാമഗ്രികള്‍ ഇല്ലാതെ കഷ്ടപ്പെടുന്നുവെന്ന് പി.സി വിഷ്ണുനാഥ് നിയമസഭയില്‍ പറഞ്ഞു. കെ.ആര്‍ ഗൌരിയമ്മയുടെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങിനല്‍കിക്കൂടെ എന്നായിരുന്നു വിഷ്ണുനാഥിന്‍റെ നിര്‍ദ്ദേശം. വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് വാങ്ങാനായി മുന്‍പ് മാറ്റിവച്ച 1000 കോടി രൂപ അവിടെയുണ്ട്. ഇതില്‍ നിന്നും ചെറിയ തുക മതി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും മറ്റും വാങ്ങാന്‍.
എം.എല്‍.എമാര്‍ സമ്മര്‍ദ്ദത്തിലാണ് അവരെ വിളിച്ചാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. കടകള്‍ അടച്ചിരിക്കുന്നതുകൊണ്ട് സ്പോണ്‍സര്‍ഷിപ്പ് പോലും നടക്കുന്നില്ല. അതുകൊണ്ട് സ്മാരകങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നായിരുന്നു വിഷ്ണുനാഥ് ആവശ്യപ്പെട്ടത്.