ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് എ.ഐ കോൺക്ലേവിന് വേദിയാകാൻ കൊച്ചി
എ.ഐ വഴി രാജ്യത്ത് വ്യവസായങ്ങളിൽ ഉണ്ടാകുന്ന മുന്നേറ്റത്തിലെ നാഴികക്കല്ലായി സമ്മേളനം മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എ.ഐ) അനന്ത സാധ്യതകള്‍ ചര്‍ച്ചചെയ്യാനുളള ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിന് ഇന്ന് കൊച്ചി വേദിയാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. എ.ഐ വഴി രാജ്യത്ത് വ്യവസായങ്ങളില്‍ ഉണ്ടാകുന്ന മുന്നേറ്റത്തിലെ നാഴികക്കല്ലായി സമ്മേളനം മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നതില്‍ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ജെന്‍ എ.ഐ കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കുന്നത്.
രണ്ട് ദിവസങ്ങളിലായാണ് കോണ്‍ക്ലേവ് നടക്കുക. കേരളത്തെ എ.ഐ ഡെസ്റ്റിനേഷനായി മാറ്റാനും വ്യവസായ മേഖലയിലുള്‍പ്പെടെ എ.ഐ ഉപയോഗിച്ചുളള സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് മുന്നോട്ടുവെക്കാനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍, ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ ഐ.ബി.എമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. എ.ഐയുടെ വരുംസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം എ.ഐയുടെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മന്ത്രിമാര്‍, ഐ.ബി.എം അംഗങ്ങള്‍, വ്യവസായ-സാങ്കേതിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ എ.ഐയുടെ ഭാവിയെക്കുറിച്ചുളള കാഴ്ചപ്പാടുകള്‍ പങ്കുവെക്കും. വിവിധ മേഖലകളില്‍ നിന്നുളള പ്രതിനിധികള്‍ക്കൊപ്പം നിരവധി വിദ്യാര്‍ഥികളും കോണ്‍ക്ലേവിന്റെ ഭാഗമാകും.