ഭാര്യയെയും ഭാര്യ പിതാവിനെയും മര്‍ദിച്ച സംഭവം; ജിപ്സണ്‍ പീറ്ററിനെതിരെ കേസെടുത്തു
ഗാർഹിക നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
കൊച്ചി ചക്കരപ്പറമ്പിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭാര്യയെയും ഭാര്യ പിതാവിനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗാർഹിക നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ടു ഭാര്യയെ ക്രൂരമായി മർദിക്കുകയും ഭാര്യ പിതാവിന്‍റെ കാൽ ഓടിക്കുകയും ചെയ്ത സംഭവത്തിലാണ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സ്ൺ പീറ്ററിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് . യുവതിയുടെ ആദ്യ പരാതിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് കേസെടുത്തിരുന്നത് . വാർത്ത പുറത്തുവന്നതിനെ തുടർന്ന് വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് കൊച്ചി ഡിസിപിയോടു അന്വേഷണത്തിന് നിർദേശവും നൽകിയിരുന്നു . വനിതാ സെല്ലിലും നോർത്ത് സ്റ്റേഷനിലും യുവതി പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല . പിന്നീട് കൊച്ചി കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു .
കർശന നടപടിക്ക് കമ്മീഷണർ നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ജിപ്സനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് . ഇയാളുടെ മാതാപിതാക്കളെയും കേസിൽ പ്രതിചേർത്തു . സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെയും ജിപ്സന്‍റെ വീട്ടുകാർ തയ്യാറായിട്ടില്ല . വീട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ജിപ്സന്‍റെ സുഹൃത്തായ വൈദികന്‍റെയും ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥയുടെയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ആക്ഷൻ കൌൺസിൽ ഉയർത്തുന്നു.