കർഷകർ ജീവനൊടുക്കുന്നതിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ: കൊടിക്കുന്നിൽ സുരേഷ്

ദുർബലരായ മന്ത്രിമാരാണ് വകുപ്പുകൾ ഭരിക്കുന്നതെന്നും തകഴിയിൽ ജീവനൊടുക്കിയ കർഷകന്റെ കടം സർക്കാർ ഏറ്റെടുക്കണമെന്നും എംപി

Update: 2023-11-12 03:17 GMT
Advertising

ആലപ്പുഴ: കുട്ടനാട്ടിൽ കർഷകർ ജീവനൊടുക്കുന്നതിന് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. ദുർബലരായ മന്ത്രിമാരാണ് വകുപ്പുകൾ ഭരിക്കുന്നതെന്നും തകഴിയിൽ ജീവനൊടുക്കിയ കർഷകന്റെ കടം സർക്കാർ ഏറ്റെടുക്കണമെന്നും എംപി പറഞ്ഞു.

"കുട്ടനാട്ടിൽ കർഷകരുടെ ആത്മഹത്യകളെല്ലാം സംസ്ഥാന-കേന്ദ്ര സർക്കാർ സ്‌പോൺസേർഡ് ആണ്. ഒന്നാം പ്രതി സംസ്ഥാന സർക്കാരും രണ്ടാം പ്രതി കേന്ദ്ര സർക്കാരും. ഈ രണ്ടു സർക്കാരുകളുടെയും പിടിപ്പുകേടും കെടുകാര്യസ്ഥതയും കൊണ്ടാണ് കർഷകർക്ക് ജീവനൊടുക്കേണ്ടി വരുന്നത്. കേന്ദ്രം പണം തരുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പരാതി. കേന്ദ്രത്തോട് ചോദിച്ചാൽ ചെലവിന്റെ കണക്കുകൾ സംസ്ഥാനം കാണിക്കുന്നില്ലെന്ന് പറയും. മറ്റൊന്ന് ബാങ്കുകളാണ്. കർഷകന് നെല്ല് സംഭരണത്തിന് വായ്പയിനത്തിൽ പണം നൽകുന്ന പിആർഎസ് രീതി എത്രത്തോളം അപരിഷ്‌കൃതമാണ്. കേന്ദ്രസർക്കാരിന്റെ പണം കിട്ടുന്നത് വരെ പണം വായ്പയായി കൊടുത്ത് പിന്നീട് പണം കിട്ടുമ്പോൾ ബാങ്കിലടച്ച് കടബാധ്യത തീർക്കാം എന്നത് നടക്കുന്ന കാര്യമല്ല.

പണ്ടും ഇവിടെ സർക്കാരുകളുണ്ടായിരുന്നു. എന്നാൽ കുട്ടനാട്ടിലും പാലക്കാട്ടുമൊക്കെ കർഷകരുടെ പ്രതിസന്ധികളുണ്ടായത് പിണറായി സർക്കാരിന്റെ കാലത്താണ്. പ്രാപ്തരല്ലാത്ത മന്ത്രിമാരാണ് കൃഷിമന്ത്രിയും സിവിൽ സപ്ലൈസ് മന്ത്രിയും. കർഷകരുടെ താല്പര്യത്തിനല്ല, മുതിർന്ന ഉദ്യോഗസ്ഥരുടെ താല്പര്യത്തിനാണ് അവർ പ്രവർത്തിക്കുന്നത്. പാടശേഖരസമിതിയുമായി സംസാരിച്ച് കർഷകരുടെ പ്രശ്‌നങ്ങളെന്തെന്ന് പഠിക്കാൻ അവർ താല്പര്യം കാട്ടുന്നില്ല. കർഷകരുടെ പ്രശ്‌നങ്ങളേക്കാൾ കേരളീയത്തിനും നവകേരള സദസ്സിനുമൊക്കെയാണ് അവർക്ക് ശ്രദ്ധ. കൃഷിവകുപ്പും, സിവിൽ സപ്ലൈസ് വകുപ്പും ധനവകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മയും ഈ പ്രതിസന്ധിയിൽ കാര്യമായി വെളിവാകുന്നുണ്ട്.

Full View

പ്രസാദ് ഒരു പട്ടികവർഗക്കാരനായ കൃഷിക്കാരനാണ്. അദ്ദേഹത്തിന്റെ കടം സർക്കാർ ഏറ്റെടുക്കണം. അദ്ദേഹത്തിന്റെ മകന്റെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുത്ത്, ഭാര്യക്ക് സർക്കാർ ജോലി നൽകി, സർക്കാർ കർഷകരോടൊപ്പം എന്ന് കാണിക്കണം. ആ ഉത്തരവാദിത്തം സർക്കാരിനുണ്ട്". കൊടിക്കുന്നിൽ പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News