'തൃക്കാക്കര തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കും': ബിനോയ് വിശ്വത്തെ തള്ളി കോടിയേരി

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വെച്ച് കേരളത്തിൽ കോൺഗ്രസിനെ പിന്തുണക്കരുതെന്ന് കോടിയേരി

Update: 2022-01-04 04:24 GMT
Advertising

ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസെന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്‍റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വെച്ച് കേരളത്തിൽ കോൺഗ്രസിനെ പിന്തുണക്കരുത്. കേരളത്തില്‍ വന്ന് കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുകള്‍ പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകരമല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഈ ഘട്ടത്തില്‍ ഇത്തരം പ്രസംഗം കോണ്‍ഗ്രസിനെ സഹായിക്കുമെന്നും കോടിയേരി പറഞ്ഞു.

"സിപിഎമ്മിനെ സംബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന കാര്യത്തില്‍ പൂര്‍ണ യോജിപ്പാണ്. അക്കാര്യത്തില്‍ ഇന്ത്യയിലിന്ന് പ്രാദേശിക കക്ഷികള്‍ പ്രധാനപ്പെട്ട ഘടകമാണ്. കോണ്‍ഗ്രസിനെ ബദലായിട്ട് കാണുന്നത് പ്രായോഗികമല്ല. 11 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഇതര സര്‍ക്കാരുണ്ട്. അതില്‍ മൂന്നിടത്ത് മാത്രമേ കോണ്‍ഗ്രസുള്ളൂ. ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം പ്രാദേശിക കക്ഷികളും കേരളത്തില്‍ ഇടതുപക്ഷവുമാണ് ഭരിക്കുന്നത്. പ്രാദേശിക കക്ഷികളെയെല്ലാം മാറ്റിനിര്‍ത്തി ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ല. ആ യാഥാര്‍ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുള്ള ദേശീയ ബദലാണുണ്ടാവേണ്ടത്"- കോടിയേരി പറഞ്ഞു.

കോൺഗ്രസിന്‍റെ വർഗീയ പ്രീണന നയം ബി.ജെ.പി ഉപയോഗപ്പെടുത്തി. സംഘ്പരിവാറിന് പ്രതിരോധം തീർക്കാൻ കോൺഗ്രസിനാവില്ല. ആ പാർട്ടിയുടെ തകർച്ച അതാണ് സൂചിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർ.എസ്.എസും ബി.ജെ.പിയും ഇടം പിടിക്കും. അതുകൊണ്ട് കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഡി.സി.സിയിൽ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം. കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ കാതൽ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നെന്നും നിലവിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിനോയ് വിശ്വത്തിന്റെ നിലപാടിനെ സി.പി.ഐ മുഖപത്രം ജനയുഗം പിന്തുണച്ചു. ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്ന് പത്രം മുഖപ്രസംഗത്തിൽ പറയുന്നു- " കോൺഗ്രസ് ഇപ്പോഴും രാജ്യത്ത് സ്വാധീനമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന് ഒറ്റക്ക് ബദൽ അസാധ്യമാണ്." രാഷ്ട്രീയ ബദലിൽ കോൺഗ്രസ് അനിവാര്യ ഘടകമാണെന്നും ഇത് നിഷ്പക്ഷരും അംഗീകരിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News