പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനമുണ്ടായെന്ന് സ്ഥിരീകരിച്ച് കോടിയേരി
ചില സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള വിമര്‍ശനങ്ങളുണ്ടായി
പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനമുണ്ടായെന്ന് സ്ഥിരീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള വിമര്‍ശനങ്ങളുണ്ടായി, എന്നാല്‍ പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.
ഇടുക്കിയടക്കം പല ജില്ലാ ജില്ല സമ്മേളനങ്ങളിലും പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസിന് വേണ്ടി മാത്രം പ്രത്യേക മന്ത്രി വേണമെന്നാവശ്യവും ഉയര്‍ന്നു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളിലുണ്ടായെന്ന് സ്ഥിരീകരിക്കുകയാണ് കോടിയേരി. അന്‍പതിനായിരത്തിലധികം പേരുള്ള സേനയാണ് പൊലീസ്.ഇതില്‍ ചിലരുടെ ഭാഗത്ത് നിന്ന് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സംസ്കാരത്തിന് നിരക്കാത്ത പ്രവൃത്തി ചെയ്യുന്ന പൊലീസുകാരെ സേനയില്‍ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമായിട്ടുണ്ടെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നുണ്ട്. നയസമീപനത്തില്‍ നിന്ന് മാറിയുള്ള ചില സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള വിമര്‍ശനങ്ങള്‍ സമ്മേളനങ്ങളിലുണ്ടായെന്ന് കോടിയേരി സമ്മതിക്കുന്നുണ്ട്. സ്വാഭാവികമായ വിമര്‍ശനങ്ങളുണ്ടായത്. എന്നാല്‍ പൊലീസിനെയോ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. പൊലീസിന്‍റെ നീതിനിര്‍വഹണത്തിലും കൊടുംകുറ്റവാളികള്‍ക്ക് വേണ്ടിയും ആരും ഇടപെടരുതെന്നും ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.