സംസ്ഥാന സമ്മേളനത്തിനു മുന്‍പെ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത
ഇഡി കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്‍റെ മടങ്ങി വരവും വേഗത്തിലാകും
ഇഡി കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്‍റെ മടങ്ങി വരവും വേഗത്തിലാകും. ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിനു മുൻപേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത.
ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലേ കഴിഞ്ഞ നവംബർ 13നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നു എന്നായിരുന്നു സി.പി.എം സെക്രട്ടേറിയറ്റിന്‍റെ വിശദീകരണം. തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കു മുൻപായിരുന്നു മുന്നണിയിലെ പ്രധാന കക്ഷിയുടെ നായകന്‍റെ മാറ്റം. മകനെതിരേ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ബാധിക്കാതിരാക്കാനുള്ള കരുതലായിരുന്നു അവധിയടുക്കാനുള്ള കോടിയേരിയുടെ തീരുമാനം. ബിനിഷിന് ജാമ്യം കിട്ടിയതോടെ സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിവരാൻ കോടിയേരിക്കു മുന്നിലുള്ള തടസ്സം പൂർണമായും നീങ്ങി. ആലപ്പുഴ സമ്മേളനത്തിൽ പിണറായിയുടെ പകരക്കാരനായി സി.പി.എം സെക്രട്ടറിയായ കോടിയേരിക്ക് തൃശൂരിലേത് രണ്ടാം ഊഴമായിരുന്നു. സി.പി.എം മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. എറണാകുളത്ത് കോടിയേരിയുടെ മൂന്നാമൂഴമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവനു കൈമാറിയെങ്കിലും തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനെ നയിച്ചത് കോടിയേരി തന്നെയായിരുന്നു. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും നിർണായക ഇടപെടലുകളാണ് കോടിയേരി നടത്തിയത്. ആരോഗ്യം കൂടി മെച്ചപ്പെട്ടതോടെ ബിനീഷിന്‍റെ ജയിൽ വാസം മാത്രമായിരുന്നു തിരിച്ചുവരവിന് തടസം. അടുത്തയാഴ്ചത്തെ സംസ്ഥാന സമിതി യോഗത്തിൽ കോടിയേരിയുടെ തിരിച്ചുവരവ് തീരുമാനിക്കപ്പെടാനാണ് സാധ്യത.