സമ്മേളനത്തിന് ശേഷം പാർട്ടി പ്രവർത്തകർ കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാൻ ജനങ്ങളിലേക്കിറങ്ങണം: കോടിയേരി
കോൺഗ്രസുകാർ പോലും കെ റെയിലിനെ അനുകൂലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി കോൺഗ്രസിൽ പ്രസംഗിച്ച കെ.വി തോമസിന്റെ നിലപാട് അതിന് ഉദാഹരണമാണെന്നും കോടിയേരി പറഞ്ഞു.
കണ്ണൂർ: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തിന് വാശിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൂർണമായും രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ് എതിർപ്പിന് പിന്നിലുള്ളത്. സർക്കാരിനെ തകർക്കാൻ കോ ലീ ബി സഖ്യം പ്രവർത്തിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.
സിൽവർ ലൈനിന് ഭൂമി നഷ്ടപ്പെടുന്നവർക്കൊപ്പം സർക്കാർ ഉണ്ടാവും. പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കും. സമ്മേളനത്തിന് ശേഷം പാർട്ടി പ്രവർത്തകർ അതിനായി രംഗത്തിറങ്ങണം. കോൺഗ്രസുകാർ പോലും കെ റെയിലിനെ അനുകൂലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി കോൺഗ്രസിൽ പ്രസംഗിച്ച കെ.വി തോമസിന്റെ നിലപാട് അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി കോൺഗ്രസിനെക്കുറിച്ച് മാധ്യമങ്ങൾ എഴുതിയതെല്ലാം തെറ്റാണെന്ന് തെളിഞ്ഞെന്നും കോടിയേരി പറഞ്ഞു. ബംഗാൾ-കേരള ചേരികൾ തമ്മിൽ കടുത്ത ഭിന്നതയുണ്ടെന്നാണ് മാധ്യമങ്ങൾ എഴുതിയത്. എന്നാൽ സിപിഎം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് പാർട്ടി കോൺഗ്രസ്. മാധ്യമങ്ങൾ ഉദ്ദേശിച്ചതുപോലെ ഒന്നും നടന്നില്ല. മാധ്യമങ്ങളുടെ സൂക്കേട് ഒരുകാലത്തും അവസാനിക്കില്ല. അത്തരം പ്രചാരണവേലകൾ ഒന്നും നടക്കില്ല. മാധ്യങ്ങൾ എഴുതുന്നതിന് അനുസരിച്ച് പാർട്ടി ശക്തിപ്പെടുമെന്നും കോടിയേരി പറഞ്ഞു.