പത്മകുമാറിനെ ചോദ്യം ചെയ്തത് പുലർച്ചെ 3 മണി വരെ; ഭാര്യയും മകളും പ്രതിയായേക്കും
പത്മകുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യൽ നീണ്ടതിന് കാരണം
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി പത്മകുമാറിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇയാളുടെ ഭാര്യയെയും മകളെയും കേസിൽ പ്രതി ചേർക്കാനാണ് സാധ്യത. കേവലം സാമ്പത്തികപ്രശ്‌നം മാത്രമല്ല പത്മകുമാറിനെ കൃത്യത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇക്കാര്യത്തിലടക്കം ഇന്ന് വ്യക്തത വരുത്തും.
പത്മകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്ന് പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. പത്മകുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് ചോദ്യം ചെയ്യൽ നീണ്ടതിന് കാരണം. മൂന്ന് പേരെയും ഒന്നിച്ചും ഒറ്റയ്ക്കുമിരുത്തി ചോദ്യം ചെയ്തിട്ടും വ്യത്യസ്ത മൊഴികളാണ് ലഭിച്ചത്. ചോദ്യം ചെയ്യൽ ഇന്നും തുടരും. എഡിജിപി, ഡിഐജി എന്നിവർ എആർ ക്യാംപിൽ തുടരുകയാണ്. രാവിലെ തിരിച്ചെത്താൻ റൂറൽ എസ്പി അടക്കമുള്ളവർക്ക് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
പത്മകുമാറിന് രണ്ട് കോടിയിലധികം രൂപയുടെ കടമുണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. പത്ത് ലക്ഷവും പതിനഞ്ച് ലക്ഷവുമായി പത്മകുമാർ സുഹൃത്തുക്കളോട് ചോദിച്ചതായും വിവരമുണ്ട്.
നാട്ടുകാരുമായി അത്ര അടുപ്പം പുലർത്തിയിരുന്ന ആളല്ല പത്മകുമാർ. രണ്ട് കാറുകളും ഫാം ഹൗസുമൊക്കെയായി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ വീട്ടിലുണ്ടായിരുന്ന പതിനഞ്ചോളം നായ്ക്കളെ ഫാം ഹൗസിലാക്കിയ ശേഷമായിരുന്നു തെങ്കാശിയിലേക്കുള്ള യാത്ര.
ഉന്നതബിരുദധാരിയാണ് പത്മകുമാർ. സോഫ്റ്റ്‌വെയർ എഞ്ചിനീയറായി കുറച്ച് കാലം ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നത്. ചാത്തന്നൂർ കേന്ദ്രീകരിച്ച് ഒരു കേബിൾ ടിവി പത്മകുമാർ നടത്തിയിരുന്നു. പിന്നീടാണ് ചിറക്കരയിൽ ഫാം വാങ്ങിയത്. ഈ ഫാമിലാണ് കുട്ടിയെ താമസിപ്പിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.