ജീവിച്ചിരിക്കുന്ന യുവാവിനെ പരേതനാക്കി പുനലൂർ നഗരസഭ
പിഴവ് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഓംബുഡ്‌സ്മാന് തിരുത്തൽ ഹർജി നൽകുമെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.
കൊല്ലം: ജീവിച്ചിരിക്കുന്ന യുവാവിനെ പരേതനാക്കി കൊല്ലം പുനലൂർ നഗരസഭ സെക്രട്ടറി ഓംബുഡ്‌സ്മാന് സത്യവാങ്മൂലം നൽകി. എംഎൽഎ റോഡിൽ മേലേപ്പറമ്പിൽ വീട്ടിൽ ഛത്രപതി ശിവജിയാണ് മരണപ്പെട്ടതായി തെറ്റായ സത്യവാങ്മൂലം നൽകിയത്. തന്നെ പരേതനാക്കിയ നഗരസഭാ അധികൃതർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഛത്രപതി ശിവജി.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബാലകലാഭവന്റെ മുകൾ നില ജിംനേഷ്യം തുടങ്ങാൻ ഇദ്ദേഹം വാടകയ്ക്ക് ആവശ്യപ്പെട്ടിരുന്നു. 2019 ൽ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കുന്നത് നഗരസഭ വൈകിപ്പിച്ചു. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കാട്ടി പിന്നീട് അപേക്ഷ നിരസിച്ചു. ഛത്രപതി ശിവജി ഓംബുഡ്‌സ്മാനെ സമീപിച്ചു. പരാതിയിന്മേൽ ഓംബുഡ്‌സ്മാനിൽ വിചാരണ നടക്കുകയാണ്. ഓൺലൈനായി നടക്കുന്ന വിചാരണയിൽ ഛത്രപതി ശിവജിക്ക് പങ്കെടുക്കാനായില്ല. ഇതിന് പിന്നാലെയാണ് പരാതിക്കാരൻ മരിച്ചെന്ന സത്യവാങ്മൂലം സെക്രട്ടറി ഓംബുഡ്‌സ്മാന് നൽകി.
പരാതിക്കാരൻ മരണപ്പെട്ടതിനാൽ പരാതിയിന്മേലുള്ള തുടർ നടപടികൾ നിർത്തിവെച്ചതായി ഓംബുഡ്‌സ്മാനിൽ നിന്ന് കത്ത് ലഭിച്ചു. അപ്പോഴാണ് ജീവിച്ചിരിക്കുന്ന തന്നെ പരേതനാക്കി സെക്രട്ടറി റിപ്പോർട്ട് നൽകിയ കാര്യം അറിയുന്നത്. അതേസമയം, പിഴവ് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഓംബുഡ്‌സ്മാന് തിരുത്തൽ ഹർജി നൽകുമെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.