കൊല്ലം പീഡനം; പരാതിക്കാരി ഗവര്‍ണറെ സമീപിച്ചേക്കും
പീഡന പരാതി ഒത്തു തീര്‍പ്പാക്കാൻ മന്ത്രി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി നൽകുക
കുണ്ടറ പീഡനക്കേസിലെ പരാതിക്കാരി മന്ത്രി എ.കെ ശശിന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഗവർണറെ സമീപിച്ചേക്കും. പീഡന പരാതി ഒത്തു തീര്‍പ്പാക്കാൻ മന്ത്രി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി നൽകുക. അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
പൊലീസിന് നൽകിയ മൊഴിയിൽ മന്ത്രി എ കെ ശശിന്ദ്രന്‍റെ പേര് പ്രതിപാദിച്ചതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്കും പരാതി നൽകാൻ യുവതി ഒരുങ്ങുന്നത്. പീഡന പരാതി ഒത്തു തീര്‍പ്പാക്കാനും ഒപ്പം കേസിനെ സ്വാധീനിക്കാനും മന്ത്രി ഇടപെട്ടു എന്ന് കാണിച്ചാണ് പരാതി. മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തി എന്നും പരാതിയിൽ ചൂണ്ടിക്കാട്ടും. കൃത്യമായി ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നൽകാൻ യുവതി തീരുമാനിച്ചത്. ഇമെയിൽ മുഖേനയോ അല്ലെങ്കിൽ നേരിട്ടോ ആയിരിക്കും ഗവര്‍ണര്‍ക്ക് പരാതി നൽകുക. അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. മന്ത്രിയുടെ പേര് മൊഴിയിൽ പ്രതിപാദിച്ച സാഹചര്യത്തിൽ തുടര്‍നടപടികളുടെ കാര്യത്തിൽ പോലിസും നിയമോപദേശം തേടിയിട്ടുണ്ട്. സംഭവം നടന്ന ഹോട്ടലിലേയും സമീപ സ്ഥാപനങ്ങളിലേയും സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കേസിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നത്തിൽ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ പരിരക്ഷയാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്നാണ് ആരോപണം. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മഹിള മോര്‍ച്ചയുടെ നേതൃത്വത്തിൽ ഇന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.