കൊല്ലത്തെ യുവതിയുടെ ആത്മഹത്യ: ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍

കൊല്ലം ശൂരനാട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്

Update: 2021-06-21 17:01 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം ശൂരനാട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിലെത്തി കീഴടങ്ങിയ ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊല്ലം പോരുവഴി സ്വദേശിയായ യുവാവിന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും.

നിലമേൽ കൈതോട് സ്വദേശിനി വിസ്മയയെ(24) ആണ് ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിൽനിന്ന് ക്രൂരമായ മർദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.

ശരീരത്തിൽ മർദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനൽകിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകൾക്കകമാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്.

2020 മെയ് മാസത്തിലായിരുന്നു കിരണും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. വിസ്മയയ്ക്ക് സ്ത്രീധനമായി കുടുംബം ഒരേക്കർ സ്ഥലവും 100 പവൻ സ്വർണവും 10 ലക്ഷം രൂപ വിലവരുന്ന വാഹനവും നൽകിയിരുന്നു. എന്നാൽ, വാഹനം ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാണ് കിരൺ ആദ്യമായി പരാതി ഉന്നയിച്ചത്. പിന്നീട് വാഹനത്തിനു പകരം പണം മതിയെന്നു പറഞ്ഞും പീഡനം തുടങ്ങി. മദ്യപിച്ചും അല്ലാതെയും പലതവണ വിസ്മയയെ കിരൺ മർദിക്കുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത വിസ്മയയുടെ സഹോദരനെയും ഇയാൾ ആക്രമിച്ചു.

കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News