കൂട്ടിക്കൽ ടൗൺ മുങ്ങാൻ കാരണമായ ചെക്ക് ഡാം പൊളിച്ചുമാറ്റുന്നു; നടപടി നാട്ടുകാരുടെ പരാതിയെ തുടർന്ന്
ഒരുമാസത്തിനകം തന്നെ പൊളിക്കൽ ജോലികൾ പൂർത്തായാക്കും
കോട്ടയം: ഉരുൾപ്പൊട്ടലുണ്ടായപ്പോൾ കൂട്ടിക്കൽ ടൗൺ വെള്ളത്തിൽ മുങ്ങാൻ കാരണമായ ചെക്ക്ഡാം പൊളിച്ച് മാറ്റാൻ തുടങ്ങി. നാട്ടുകാരുടെ പരാതിയെ തുടർന്ന് മേജർ ഇറിഗേഷൻ വകുപ്പാണ് നടപടി ആരംഭിച്ചത്. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപ്പൊട്ടലിൽ വലിയ തോതിലാണ് കൂട്ടിക്കൽ ടൗണിൽ പ്രളയജലം കയറിയത്. പുല്ലകയാർ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതോടെ പല വീടുകളും വ്യാപാര സ്ഥാപനങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി.
ഇതിനുള്ള പ്രധാന കാരണം പുല്ലകയാറിന് കുറുകെയുള്ള ചെക്ക് ഡാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് പൊളിച്ച് മാറ്റിയാൽ വെള്ളം സുഖമായി ഒഴുകി പോകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ചെക്ക് ഡാം പൊളിക്കാൻ തീരുമാനമായത്. മേജർ ഇറിഗേഷൻ വകുപ്പാണ് ചെക്ക് ഡാം പൊളിക്കുന്ന ജോലികൾചെയ്യുന്നത്. ഇതിനായി 7 ലക്ഷത്തോളം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒരുമാസത്തിനകം തന്നെ പൊളിക്കൽ ജോലികൾ പൂർത്തായാക്കും. അടുത്ത മഴക്കാലത്തിന് മുൻപ് പുല്ലകയാറിന് തടസ്സങ്ങൾ ഉണ്ടാകാതെ ഒഴുകാനുള്ള സാഹചര്യമാണ് ലക്ഷ്യമിടുന്നത്.