കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും: മന്ത്രി വീണാ ജോര്‍ജ്
വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ പേര് നൽകും. ഇത് സംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.
വന്ദനാ ദാസിന് നാട് കണ്ണീരോടെയാണ് ഇന്ന് വിട നല്‍കിയത്. കോട്ടയം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ ഉൾപ്പെടെ മന്ത്രിമാരും മറ്റു പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തിയിരുന്നു.
ഇന്നലെ രാവിലെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഹൗസ് സർജൻ വന്ദനക്ക് കുത്തേറ്റത്. പൊലീസ് പരിശോധനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിയത്.
വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിൻറെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഡോക്ടറുടെ മുതുകിൽ ആറുതവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് തുളച്ചുകയറി. വീണുപോയ ഡോക്ടറുടെ മുതുകിൽ കയറിയിരുന്നും സന്ദീപ് ക്രൂരമായി കുത്തി. ഉടൻ തന്നെ വന്ദനയെ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ഹെൽത്തിലേക്ക് എത്തിച്ചെങ്കിലും രാത്രി 8.25ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.