കെ.റെയില്‍: മാടപ്പള്ളിയില്‍ സംഘര്‍ഷം; ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ
സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു
കോട്ടയം ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ കെ-റെയില്‍ കല്ലുകൾ സ്ഥാപിക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷാവസ്ഥക്ക് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോട്ടയത്തെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. ചങ്ങനാശേരിയിൽ നാളെ ജനകീയ സമരസമിതി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താല്‍.ഹർത്താലിന് യു.ഡി.എഫും ബിജെപിയും എസ് യു സിഐയും പിന്തുണ പ്രഖ്യാപിച്ചു.
അറസ്റ്റ് ചെയ്ത കെ-റെയിൽ പ്രതിഷേധക്കാരെ വിട്ടയക്കണമെന്നാവശ്യപ്പട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം തുടരുകയാണ്. ഉപരോധത്തിനിടെ പോലീസ് സ്റ്റേഷനു മുന്നില്‍ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സമരസമിതി നേതാക്കളായ ബാബു കുട്ടഞ്ചിറ, വി. ജെ. ലാൽ, മാത്തുകുട്ടി പ്ലാത്താനം എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേറ്റു. സര്‍വേക്കെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ മണ്ണെണ്ണയോഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.