പെൻഷൻ തട്ടിപ്പ്; പ്രതി തട്ടിയെടുത്ത തുകയെക്കുറിച്ച് വ്യക്തതയില്ലെന്ന് കോട്ടയം നഗരസഭ
പ്രതി അവസാനമായി നഗരസഭയിൽ എത്തിയ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും നഗരസഭ പറയുന്നു
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതിയായ മുൻ ജീവനക്കാരൻ അഖിൽ സി. വർഗീസ് തട്ടിയെടുത്ത തുക എത്രയെന്ന് ഇതുവരെ കണക്കായിട്ടില്ലെന്ന് നഗരസഭ. തദ്ദേശ ഡയറക്ട്രേറ്റ് ഫിനാൻസ് വിഭാഗത്തിൻ്റെ അന്തിമ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും മീഡിയവൺ വിവരാവകാശ അപേക്ഷയിൽ നഗരസഭ മറുപടി നൽകി. പ്രതി അവസാനമായി നഗരസഭയിൽ എത്തിയ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും നഗരസഭ പറയുന്നു.
കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പുറത്തായി രണ്ടര മാസം കഴിഞ്ഞിട്ടും എത്ര തുകയാണ് പ്രതിയായ അഖിൽ സി വർഗീസ് തട്ടിയെടുതെന്ന കാര്യത്തിൽ നഗരസഭയ്ക്ക് വ്യക്തതയില്ല. ഇക്കാര്യത്തിൽ തദ്ദേശ ഡയറക്ട്രേറ്റ് ഫിനാൻസ് വിഭാഗത്തിൻ്റെ അന്തിമ റിപ്പോർട്ട് ലഭിച്ചില്ല. അതിനാൽ തുക കണക്കാക്കാനായില്ലെന്നും വിവരാവകാശ അപേക്ഷയിൽ നഗരസഭ വ്യക്തമാക്കുന്നു.
പ്രതി നഗരസഭയിൽ ഒടുവിൽ എത്തിയതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും നഗരസഭ മറുപടി നൽകി. ദൃശ്യങ്ങൾ അന്വേഷണ സംഘത്തിൻ്റെ കൈവശമെന്നാണ് വിശദീകരണം. തട്ടിപ്പുമായി ബന്ധപ്പെട്ട് 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലോക്കൽ പൊലീസിൻ്റെയും ക്രൈം ബ്രാഞ്ചിൻ്റെയും അന്വേഷണത്തിനു പുറമെ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെയും തദ്ദേശ വകുപ്പ് ഫിനാൻസ് വിഭാഗത്തിൻ്റെയും അന്വേഷണം നടക്കുന്നതായും മുൻസിപ്പാലിറ്റി വ്യക്തമാക്കുന്നു.