ഫ്രാന്‍സിസ് ജോര്‍ജിന്റെ അപര സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളി
ഒപ്പുകള്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് ആരോപണം
തിരുവനന്തപുരം: കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ അപര സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളി. എതിര്‍പ്പുമായി യുഡിഎഫ് രംഗത്തുവരികയും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അപരന്മാരുടെ നാമനിര്‍ദേശപത്രിക തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടവരെ ഹാജരാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചത് ജില്ല വരണാധികാരിയായ കളക്ടര്‍ അംഗീകരിച്ചില്ല. ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കോടതിയെ സമീപിക്കുമെന്ന് അപര സ്ഥാനാര്‍ഥികളുടെ അഭിഭാഷകര്‍ അറിയിച്ചു.
അപരന്മാരായ രണ്ട് ഫ്രാന്‍സിസ് ജോര്‍ജുമാരുടെയും പത്രികകള്‍ തയ്യാറാക്കിയത് ഒരാള്‍ ആണെന്നും ഒപ്പുകള്‍ വ്യാജമായി നിര്‍മ്മിച്ചെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അപരന്മാരില്‍ ഒരാള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മറ്റൊയാള്‍ കേരളാ കോണ്‍ഗ്രസ് എം പ്രാദേശിക നേതാവുമാണ്. യുഡിഎഫിന്റെ വിജയത്തെ തടസ്സപ്പെടുത്തുന്നതിനുള്ള എല്‍ഡിഎഫിന്റെ നീക്കമാണിതെന്നാണ് യുഡിഎഫ് ആരോപിച്ചത്.