'നീതി ലഭിച്ചു'; സന്തോഷവും സമാധാനവും തോന്നുന്നുവെന്ന് കൊല്ലപ്പെട്ട ലിഗയുടെ സഹോദരി
നീതി നടപ്പാക്കാൻ ഒപ്പം നിന്നവർക്ക് ഇൽസ നന്ദി അറിയിച്ചു
തിരുവനന്തപുരം: കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി. പ്രതികളുടെ വിധിയെ ഓർത്ത് സങ്കടമുണ്ടെന്നും മാതൃകാപരമായ ശിക്ഷയാണ് നടപ്പാക്കിയിരിക്കുന്നതെന്നും സഹോദരി ഇൽസ് പറഞ്ഞു. നീതി നടപ്പാക്കാൻ ഒപ്പം നിന്നവർക്ക് ഇൽസ നന്ദി അറിയിച്ചു.
കോടതി നടപടികൾ തത്സമയം കാണാൻ ഇൽസക്ക് അനുവാദമുണ്ടായിരുന്നു. ഇതിനായി കോടതിമുറിയിൽ പ്രത്യേക സജ്ജീകരണവും ഒരുക്കിയിരുന്നു. കോടതി നടപടികൾ തത്സമയം വീക്ഷിക്കാൻ ഇതാദ്യമായാണ് കോടതി അനുമതി നൽകുന്നത്. അന്തിമവാദം ഉൾപ്പടെയുള്ള കോടതി നടപടികൾ തത്സമയം കാണാൻ അവസരം നൽകണം എന്നാവശ്യപ്പെട്ട് ഇൽസയും ലാത്വിയൻ എംബസിയും ഹൈക്കോടതിയിലും വിചാരണക്കോടതിയിലും അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് നടപടി.
കേസിന്റെ വിചാരണനടപടികളിൽ നേരിട്ട് പങ്കെടുക്കാൻ ഏറെക്കാലമായി തിരുവനന്തപുരത്ത് തന്നെ തുടരുകയായിരുന്നു ഇൽസ. എന്നാൽ, വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈനായി വാദം കാണാൻ അവസരം നൽകണമെന്ന ആവശ്യവുമായി ഇൽസ രംഗത്തെത്തിയത്.
2018 മാർച്ച് 14നാണ് തിരുവനന്തപുരം പോത്തൻകോട് എത്തിയ ലാത്വിയൻ യുവതിയെ കാണാതാകുന്നത്. 37 ദിവസങ്ങൾക്ക് ശേഷം കോവളം പനത്തുറയിലെ കണ്ടൽക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ പ്രതികൾക്ക് ഇരട്ടജീവപര്യന്തമാണ് ശിക്ഷ. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു വിധി. തിരുവല്ലം സ്വദേശികളായ ഒന്നാം പ്രതി ഉമേഷ്, രണ്ടാംപ്രതി ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.
ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയത്. പ്രതികൾ മാത്രം എത്തുന്ന ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ചത് ഉദയനും ഉമേഷുമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികൾ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ ലഹരി മരുന്ന് നൽകാമെന്ന് പറഞ്ഞു വിദേശ വനിതയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യഘട്ടത്തിൽ കേസ് കാര്യക്ഷമമായി അന്വേഷിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ അടക്കം കണ്ട് പരാതി നൽകുകയായിരുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ കൊലപാതകം നടന്ന് നാലര വർഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്.