വ്യാപാരി സമരം: കട തുറന്നാൽ ശക്തമായ നടപടികളുണ്ടാകുമെന്ന് കോഴിക്കോട് കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും

കടകൾ തുറക്കുന്നത് ഒരുനിലയ്ക്കും അനുവദിക്കാൻ പറ്റില്ല. കടകൾ തുറന്നാൽ പൊലീസിന്റെ സഹായത്തോടെ നിയമപരമായ നടപടികളുണ്ടാകുമെന്ന് കലക്ടറും വ്യാപാരികൾ സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമനടപടികളുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി

Update: 2021-07-14 10:42 GMT
Editor : Shaheer | By : Web Desk
Advertising

വ്യാപാരികൾ സമരവുമായി മുന്നോട്ടുപോകുകയാണെങ്കിൽ ശക്തമായ നിയമനടപടികളുണ്ടാകുമെന്ന് കോഴിക്കോട് കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും. ഇക്കാര്യത്തിൽ സർക്കാർ നിർദേശം മാത്രമാണ് നടപ്പാക്കുകയെന്ന് വ്യാപാരികളുമായുള്ള ചർച്ചയ്ക്കുശേഷം കലക്ടർ എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

വ്യാപാരി വ്യവസായി സംഘടനകളുമായി ചർച്ച നടന്നിരുന്നു. ജില്ലയിലെ സാഹചര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ടിപിആർ നിരക്കിൽ ഏറ്റവും മുന്നിലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. ഇതെല്ലാം സംഘടനാ നേതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങളും കേട്ടിട്ടുണ്ട്. അവയിൽ സർക്കാർ മാർഗനിർദേശത്തിനനുസരിച്ചുള്ളത് മാത്രമേ അനുവദിക്കാൻ പറ്റൂ. ചിലർക്ക് അതിൽ അസംതൃപ്തിയുണ്ട്. സമരത്തിലേക്ക് പോകരുതെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടകൾ തുറക്കുന്നത് ഒരുനിലയ്ക്കും അനുവദിക്കാൻ പറ്റില്ല. കടകൾ തുറന്നാൽ പൊലീസിന്റെ സഹായത്തോടെ നിയമപരമായ നടപടികളുണ്ടാകുമെന്നും കലക്ടർ അറിയിച്ചു.

വ്യാപാരികൾ സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമനടപടികളുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി. ടൗൺ സി കാറ്റഗറിയിലാണുള്ളത്. അതിൽ സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിക്ക് പൊലീസ് നിർബന്ധിതരാകും. അക്കാര്യം സംഘടനകളെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. സി വിഭാഗത്തിൽനിന്ന് മാറ്റാൻ അവരുടെ സഹകരണംകൂടി തേടിയിട്ടുണ്ട്. അവർ സമരത്തിൽനിന്ന് പിന്മാറുമെന്നു തന്നെയാണ് വിശ്വാസമെന്നും കമ്മിഷണർ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തങ്ങൾ നേരത്തെ തീരുമാനിച്ച പ്രകാരം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി സംഘടനാ പ്രതിനിധികൾ ചർച്ചയ്ക്കുശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ സർക്കാർ ഏതെങ്കിലും രീതിയിലുള്ള ചർച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയെ കൂടാതെ ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധത്തിൽ പങ്കെടുക്കും.

അതിനിടെ, കോഴിക്കോട് നഗരത്തെ സി കാറ്റഗറിയിൽനിന്ന് ഒഴിവാക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് വികെസി മമ്മദ് കോയ പറഞ്ഞു. സർക്കാർ തീരുമാനത്തിനായി കാത്തുനിൽക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രതിപക്ഷം ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടയാളുകൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സർക്കാറിനെതിരെ രംഗത്തു വന്നു. സമരം നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ, മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News