കോഴിക്കോട് ജില്ലയില്‍ വാക്സിൻ രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ഡി.എം.ഒ
രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു
കോഴിക്കോട് ജില്ലയിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ഒമിക്രോൺ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തിൽ കോവിഡ് ടെസ്റ്റുകളും വാക്സിനേഷനും ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കൂടുതൽ ജീവനക്കാരെ നിയമിച്ച് കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും വാക്സിനേഷൻ വ്യാപിപ്പിക്കാനുമാണ് ജില്ലാ ആരോഗ്യവകുപ്പിന്‍റെ തീരുമാനം. 95 ശതമാനം പേരാണ് കോവിഡ് വാക്സിൻ ഒന്നാം ഡോസ് എടുത്തത്. എന്നാൽ രണ്ടാം ഡോസ് എടുത്തത് 61.08 ശതമാനം പേർ മാത്രം.
വിമാനത്താവളങ്ങളിലെ ടെസ്റ്റിൽ കൊവിഡ് പോസിറ്റീവാകുന്നവർക്കായി പ്രത്യേക ഐസൊലെഷൻ സംവിധാനമൊരുക്കും. ഒപ്പം അവരിൽ നിന്ന് ഒമിക്രോൺ ജീനോം പഠനത്തിനായി സാമ്പിള്‍ ശേഖരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പ്രതിരോധ നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണെന്നും ഡി.എം.ഒ അറിയിച്ചു.