കോഴിക്കോട്ട് എട്ടുകിലോ തൂക്കമുള്ള ആനക്കൊമ്പുകളുമായി നാലുപേര്‍ പിടിയില്‍
ആനക്കൊമ്പ് വാങ്ങിക്കാനെന്ന വ്യാജേന ഉദ്യോഗസ്ഥർ പ്രതികളെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വരുത്തുകയായിരുന്നു
കോഴിക്കോട്: നഗരത്തിൽ നിന്ന് ആനക്കൊമ്പുമായി നാല് പേരെ പിടികൂടി. പിടിയിലായ ഇവർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ ആൾക്കായി അനേഷണം തുടരുകയാണ്. എട്ടുകിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡും വിജിലൻസും പിടികൂടിയത്. മലപ്പുറം സ്വദേശികളായ ജാഫർ സാദ്ദിഖ്, മുഹമ്മദ് ബാസിൽ, അബ്ദുൾ റഷീദ് , ഷുക്കൂർ എന്നിവരെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനടുത്ത് വെച്ച് ആനക്കൊമ്പുമായി പിടികൂടിയത്.
ഇവരുടെ പക്കൽ ആനക്കൊമ്പ് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വാങ്ങിക്കാനെന്ന വ്യാജേന ഉദ്യോഗസ്ഥർ ഇവരെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വരുത്തി. ഇവിടെ നിന്നും ബാങ്ക് റോഡിലേക്ക് ഇവരെ എത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ചാക്കിൽ പൊതിഞ്ഞ ആനക്കൊമ്പ് പുറത്തെടുത്ത് കാണിച്ചു. ആ സമയത്ത് ഫ്ലൈയിങ് സ്ക്വാഡും കൂടെ എത്തി ഇവരെ പിടികൂടി.
മറ്റൊരാൾ വിൽക്കാൻ ഏൽപ്പിച്ചെതെന്നാണ് ഇവർ പറഞ്ഞത്. തമിഴ്നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈമാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. അന്വേഷണ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒരു കിലോ ആനക്കൊമ്പിന് 20 ലക്ഷം രൂപ എന്ന നിരക്കിൽ ഒരു കോടി 60 ലക്ഷം രൂപ വിലവരുന്നതാണ് ആനക്കൊമ്പ് .