'നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമം; ഫർഹാന കൊണ്ടുവന്ന ചുറ്റിക കൊണ്ട് ഷിബിലി തലക്കടിച്ചുവീഴ്ത്തി'
'ഷിബിലി ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചു. പിറകെ ആഷിഖ് നെഞ്ചിൽ ശക്തമായി ചവിട്ടുകയും പിന്നീട് മൂന്നുപേരും ചേർന്ന് ആക്രമണം തുടരുകയും ചെയ്തു'
മലപ്പുറം: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ നിർണായകമായ വിവരങ്ങൾ പുറത്തുവിട്ട് മലപ്പുറം എസ്.പി എസ്. സുജിത് ദാസ്. കൊലപാതകം ഹണിട്രാപ്പാണെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചത്. സിദ്ദീഖിനെ നഗ്നനാക്കി പണത്തിനായി ഭീഷണിപ്പെടുത്തി. ഇതിനിടയിലുള്ള തർക്കത്തിലാണ് ഷിബിലി ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
മേയ് 18നാണ് ഷൊർണൂരിൽനിന്ന് ഫർഹാന കോഴിക്കോട്ടുനിന്ന് എത്തുന്നത്. ഇതിനു പിന്നാലെ ആഷിഖും ട്രെയിനിലെത്തി. ഇവർ നഗരത്തിലെ 'ഡി കാസ' ഹോട്ടലിൽ റൂമെടുക്കുകയും ശേഷം സിദ്ദീഖ് ഇവിടെയെത്തുകയുമായിരുന്നു. റൂമിലെത്തിയ ശേഷം സംസാരം ആരംഭിക്കുകയായിരുന്നു.
ഇതിനിടയിൽ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. പണം സംബന്ധിച്ചും സംഘം ഭീഷണിപ്പെടുത്തി. ഇതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും സിദ്ദീഖ് നിലത്ത് വീഴുകയും ചെയ്തു. ഷിബിലി കൈയിൽ കത്തി കരുതിയിരുന്നു. ഇതുവച്ചാണ് ഇവർ ഭീഷണിപ്പെടുത്തിയത്.
എന്തെങ്കിലും സംഭവമുണ്ടാകുകയാണെങ്കിൽ അത് ചെറുക്കാനായി ഫർഹാന നേരത്തെ തന്നെ ചുറ്റിക കൈയിൽ കരുതിയിരുന്നു. ഷിബിലി ഈ ചുറ്റിക ഉപയോഗിച്ച് സിദ്ദീഖിന്‍റെ തലക്കടിച്ചു. ഇതിൽ തലയിൽ രണ്ട് ഗുരുതരമായ മുറിവുകളുണ്ട്. ആഷിഖ് സിദ്ദീഖിന്റെ നെഞ്ചിൽ ശക്തമായി ചവിട്ടി. ഇതിൽ സിദ്ദീഖിന്റെ വാരിയെല്ല് ഇളകി.
തുടർന്നും മൂന്നുപേരും ചേർന്ന് ആക്രമണം തുടരുകയായിരുന്നു. ഇതിൽ നെഞ്ചിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തിലും വലിയ പരിക്കുകളുണ്ട്. ഇതിന്റെ ആഘാതത്തിൽ അധികം വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും എസ്.പി സുജിത് ദാസ് പറഞ്ഞു.