വിദ്യാർഥിനികളെ സ്വകാര്യ ബസിൽ നിന്ന് കണ്ടക്‌ടർ തള്ളിയിട്ടതായി പരാതി; ടയറിനടിയിൽ പെടാതെ രക്ഷപെട്ടത് അത്ഭുതകരമായി

പരിക്കേറ്റ കുട്ടികളെ നൂറുരൂപ കൊടുത്ത് വഴിയിൽ ഇറക്കിവിട്ടതായും പരാതി. കോഴിക്കോട് കല്ലായിയിലാണ് സംഭവം..

Update: 2024-10-28 09:24 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കല്ലായിയിൽ വിദ്യാർഥികളെ ബസ് ജീവനക്കാർ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി. നിർത്താതെ പോയ ബസിനടിയിൽ പ്പെട്ട ഒരു വിദ്യാർഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ വിദ്യാർത്ഥികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

വട്ടക്കിണർ എന്ന സ്ഥലത്ത് ഇറങ്ങേണ്ട വിദ്യാർത്ഥിനിയോട് സ്റ്റോപ്പ് എത്തുന്നതിന് മുൻപ് തന്നെ ഇറങ്ങാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. കേൾക്കാതെ വന്നതോടെ പിന്നിൽ ബാഗിൽ പിടിച്ച് വലിച്ചതോടെ കുട്ടികൾ മുകളിലത്തെ സ്റ്റെപ്പിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. എന്നിട്ടും ബസ് നിർത്താതെ മുൻപോട്ട് എടുത്തു, യാത്രക്കാർ ബഹളം വെച്ചതോടെയാണ് ബസ് നിർത്തിയത്. ഒരു കുട്ടിയുടെ ചെരുപ്പ് ടയറിനടിയിൽ നിന്നാണ് കിട്ടിയതെന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപെട്ടതാണെന്നും രക്ഷിതാവ് പറയുന്നു. 

തിരിച്ച് കുട്ടികളെ ബസിൽ കയറ്റി കൊണ്ടുപോയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ നൂറുരൂപ കയ്യിൽ കൊടുത്ത ശേഷം നടക്കാവ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് രക്ഷിതാവ് എത്തി ബസിനെ പിന്തുടർന്ന് ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ തള്ളിയിട്ടിട്ടില്ലെന്ന് ഡ്രൈവർ വാദിക്കുകയായിരുന്നു. ബസിൽ കയറുമ്പോഴും കണ്ടക്ടർ കയ്യിൽ അടിച്ചതായി വിദ്യാർത്ഥിനി രക്ഷിതാവിനോട് പറഞ്ഞു. എന്തിനാണ് ബസിൽ കയറുന്നതെന്ന് ചോദിച്ചായിരുന്നു തല്ലിയത്.. 

രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വിദ്യാർഥികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നടക്കാവ് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും രക്ഷിതാക്കൾ പരാതി കൊടുത്തിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News