"ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം എന്തിനാണ് പെൺകുട്ടികൾക്ക്"; എത്രകാലം പൂട്ടിയിടുമെന്നും കോടതി
ഹോസ്റ്റലിൽ 9.30ന് ശേഷം അനുമതി നിഷേധിച്ചതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ രാത്രികാലനിയന്ത്രണവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണെന്നും ക്യാമ്പസ് സുരക്ഷിതമല്ലെങ്കിൽ ഹോസ്റ്റൽ എങ്ങനെ സുരക്ഷിതമാകുമെന്നും കോടതി ചോദിച്ചു. എത്ര കാലം പെൺകുട്ടികളെ പൂട്ടിയിടുമെന്നും കോടതി ആരാഞ്ഞു.
ഹോസ്റ്റലിൽ 9.30ന് ശേഷം അനുമതി നിഷേധിച്ചതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടികൾ രാത്രി 10 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രാക്ടിക്കൽ ക്‌ളാസ് അടക്കം രാത്രി ഡ്യൂട്ടിയുളള വിദ്യാർത്ഥികൾക്ക് സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.
തുടർന്ന്, വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ കോളേജ് അധികൃതർ സമയക്രമം മാറ്റാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. വിട്ടുവീഴ്ചക്ക് അധികൃതർ തയ്യാറാകാതെ വന്നതോടെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം ചർച്ചയായതോടെ വനിതാ കമ്മീഷനും ഇടപെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിയന്ത്രണം ആവശ്യമെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ ബാധകമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞിരുന്നു. 'നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ വിവേചനം പാടില്ല. വിദ്യാർഥികൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും' പി.സതീദേവി പറഞ്ഞു.