'സൗകര്യങ്ങൾ കൂടി, ആവശ്യത്തിന് ജീവനക്കാരില്ല'; കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുതിയ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യം
താൽക്കാലിക ജീവനക്കാരെ വെച്ചാണ് ഇപ്പോൾ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം
കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളുമായി പ്രവർത്തനം തുടങ്ങിയ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ മതിയായ ജീവനക്കാരില്ല. 15 ഡോക്ടർമാരും 28 നഴ്‌സിങ് ഓഫീസർമാരുമടക്കം കുറവുള്ളത് 125 സ്ഥിരം ജീവനക്കാരാണ്. താൽക്കാലിക ജീവനക്കാരെ വെച്ചാണ് ഇപ്പോൾ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം. പുതിയ തസ്തിക സൃഷ്ടിക്കണമെന്ന് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സംവിധാനത്തിലേക്ക് മാറിയതോടെ അത്യാഹിത വിഭാഗത്തിലെ കിടക്കകളുടെ എണ്ണം രണ്ടിരട്ടിയിലധികമായി. 45ൽ നിന്ന് 101 കിടക്കകളാണിപ്പോഴുള്ളത്. എമർജൻസി വിഭാഗത്തിൽ 16 ഡോക്ടർമാർ വേണ്ടിടത്തുള്ളത് ഒരു പ്രൊഫസർമാത്രമാണുള്ളത്. അസോസിയേറ്റ് പ്രൊഫസറുടെയും അസിസ്റ്റൻറ് പ്രൊഫസറുടെയും തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. രോഗികൾക്ക് കൂടുതൽ സൗകര്യം ലഭിക്കുന്നതിനായി എട്ട് നഴ്‌സിംഗ് സ്റ്റേഷനുകളുമുണ്ട്. ഇവിടെ ഇപ്പോഴുള്ളത് 36 നഴ്‌സിംഗ് ഓഫീസർമാരാണ്. നിലവിലെ കിടക്കകളുടെയും രോഗികളുടെയും എണ്ണത്തിനനുസരിച്ച് ഇനിയും 28 നഴ്‌സിംഗ് ഓഫീസർമാർ കൂടി വേണം. 26 നഴ്‌സിംഗ് അസിസ്റ്റൻറുമാർ വേണ്ടിടുത്തള്ളത് 13 പേർ. മറ്റ് വിഭാഗങ്ങളിലും ജീവനക്കാരുടെ എണ്ണം കുറവാണ്.
ഗ്രേഡ് 1 ജീവനക്കാർ 44 പേർ വേണ്ടയിടത്ത് 16 പേരാണുള്ളത്. ഗ്രേഡ് 2 ജീവനക്കാർ നിലവിലുള്ളത് 15 പേരാണ്. ആവശ്യമുള്ളത് 35 പേരും. 16 ട്രോളി മാനേജേർസ് വേണ്ട സ്ഥാനത്ത് നിലവിൽ ആരുമില്ലാത്ത അവസ്ഥയാണ്. നേരത്തെയുണ്ടായിരുന്ന കാഷ്വാലിറ്റി ജീവനക്കാർക്ക് പുറമെ താൽക്കാലിക ജീവനക്കാരെ കൂടി നിയമിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്. ആശുപത്രി വികസന സമിതി 47 പേരെയാണ് താൽക്കാലികമായെടുത്തത്. തസ്തിക സൃഷ്ടിക്കാനും പുതിയ നിയമനങ്ങൾ നടത്താനും സർക്കാർ തയ്യാറായില്ലെങ്കിൽ നിലവിലെ സൗകര്യങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനാകാതെ വരും.