കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെ വെറുതെവിട്ടതിനെതിരെ എൻഐഎ സുപ്രിംകോടതിയിൽ
തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ടജീവപര്യന്തം തടവുമാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്.
ന്യൂഡൽഹി: കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീർ, കൂട്ടുപ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എൻഐഎ സുപ്രിംകോടതിയിൽ. സ്ഫോടനത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ സുപ്രിംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. എൻഐഎയുടെ അപ്പീൽ സെപ്റ്റംബർ 12-ന് പരിഗണിക്കാൻ ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ടജീവപര്യന്തം തടവുമാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്. സ്ഫോടനം നടത്തുന്നതിന് മുന്നോടിയായി നടത്തിയ ഗൂഡലോചനയിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്നും സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവും നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. ആകെ ഒമ്പത് പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ടുപേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂർത്തിയായിട്ടില്ല.